മുംബൈ: കടുവയെ പിടിച്ച കിടുവ എന്ന പ്രയോഗം ഏറെ പ്രശസ്തമാണ്. എന്നാൽ ഈ പ്രയോഗം അന്വർത്ഥമാക്കിയിരിക്കുകയാണ് മോഹിത് അഹിരെ എന്ന 12കാരൻ. മുംബൈ നാസിക്കിലെ മാലേഗാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ഥലത്തെ ഒരു കല്യാണമണ്ഡപത്തിന്റെ ഓഫിസ് ക്യാബിനിനുള്ളിൽ മൊബൈൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മോഹിത് . പെട്ടെന്നാണ് ഒരു പുള്ളിപ്പുലി തുറന്നു കിടന്ന വാതിലൂടെ അകത്തേക്ക് പ്രവേശിച്ചത്. ആദ്യം ഒന്നമ്പരന്നെങ്കിലും പതിയെ പുറത്തിറങ്ങിയ മോഹിത് വാതിൽ പുറത്ത് നിന്ന് പൂട്ടി കുറ്റിയിട്ടു. ആദ്യം പുലിയെ കണ്ടപ്പോൾ ഭയന്നുപോയതായും പിന്നെ സാവധാനം പുറത്തിറങ്ങി വാതിൽ അടക്കുകയായിരുന്നുവെന്നും മോഹിത് പറഞ്ഞു.
#Nashik: Quick-Thinking 12-Year-Old Locks #Leopard In Room, CCTV Footage Goes Viral#Maharashtra pic.twitter.com/lFJDmNmcDS
— Free Press Journal (@fpjindia) March 6, 2024
പുലർച്ചെ സമീപത്തെ ജനവാസ മേഖലയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് നാട്ടുകാരും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. പുള്ളിപ്പുലിയെ പൂട്ടിയിട്ട വിവരം അധികൃതരെ അറിയിച്ചതിനെ തുടർന്ന് മാലേഗാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ നാസിക് സിറ്റി ടീമുമായി ചേർന്ന് അഞ്ച് വയസ്സുള്ള ആൺപുലിയെ മയക്കുവെടി വെച്ച് പിടികൂടുകയും ചെയ്തു.
സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കുട്ടിയുടെ സമയോചിത ഇടപെടലിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തുവന്നത്.

