Sunday, May 19, 2024
spot_img

ആം ആദ്മിയ്ക്ക് പിന്നാലെ ട്വന്റി 20യും പിന്‍മാറി; തൃക്കാക്കരയില്‍ ത്രികോണമത്സരം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി20 യും മത്സരിക്കാനില്ല. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് എടുത്ത തീരുമാനമാണെന്ന് സാബു ജേക്കബ് പറഞ്ഞു. മാത്രമല്ല സംസ്ഥാനഭരണം നിര്‍ണയിക്കുന്ന തെരഞ്ഞടുപ്പ് അല്ലാത്ത സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നും സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ലെന്ന് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് ആംആദ്മി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എഎപി സംസ്ഥാന കൺവീനർ പി.സി.സിറിയക് പറഞ്ഞു.

പാർട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും എന്നാൽ വരുന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്നും സിറിയക് പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് മത്സരിക്കാത്തതെന്നും എഎപി സംസ്ഥാന കോർഡിനേറ്റർ പി.സി സിറിയക് പറഞ്ഞു. ഒരു സീറ്റ് മാത്രം കിട്ടിയിട്ട് കാര്യമില്ലെന്നും അടിത്തറ ശക്തിപ്പെടുകയാണ് വേണ്ടതെന്നും എഎപി നേതാക്കൾ വ്യക്തമാക്കി.

ഈ മാസം 31നാണ് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൃക്കാക്കരയിൽ മുൻ എംഎൽഎയായ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് ആണ് യുഡിഎഫിനു വേണ്ടി മത്സരിക്കുന്നത്. ഡോ. ജോ ജോസഫ് ആണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്കുവേണ്ടി മത്സരരംഗത്ത് ഇറങ്ങുന്നത് എ.എൻ. രാധാകൃഷ്ണനാണ്.

Related Articles

Latest Articles