ഫ്‌ളോറിഡ : വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര നഷ്ടമായതോടെ ഇന്ത്യന്‍ ടീമിന്റെ തലയിലായത് നാണക്കേടിന്റെ റെക്കോഡുകള്‍. ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ എട്ട് വിക്കറ്റിന് തോറ്റതോടെയാണ് 3-2ന് ഇന്ത്യ പരമ്പര കൈവിട്ടത്. അതെ സമയം വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് – ഏകദിന പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ 25 മാസത്തിനിടെ ഇന്ത്യ ഒരു ടി20 പരമ്പരയില്‍ ഇതാദ്യമായാണ് തോൽവി സമ്മതിക്കുന്നത്. ഇതിനു മുൻപ് ഒരു ട്വന്റി 20 പരമ്പരയിലും ഇന്ത്യ മൂന്ന് മത്സരങ്ങള്‍ തോറ്റിട്ടില്ല. കഴിഞ്ഞ 17 വര്‍ഷത്തിനിടെ വിന്‍ഡീസിനോട് ഇന്ത്യ ഒരു ഉഭയകക്ഷി പരമ്പര തോല്‍ക്കുന്നതും ഇതാദ്യമായാണ്. 2006-ല്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഏകദിന പരമ്പര 1-4ന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ പരമ്പര തോല്‍വി. അന്ന് ടീമിനെ നയിച്ച ദ്രാവിഡ് ഇന്ന് കോച്ചായി ടീമിനൊപ്പമുണ്ടായിരുന്നു.

