നാദാപുരം : ബന്ധുകൂടിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 83 വർഷം കഠിന തടവും 1,10,000 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് വിലങ്ങാട് അടുപ്പിൽ കോളനിയിൽ സുരേഷിനെയാണ് കോടതി ശിക്ഷിച്ചത്.
പിഴ സംഖ്യ മുഴുവൻ അതിജീവിതയ്ക്കു നൽകണം. 2018 – 19 വർഷങ്ങളിലായാണ് പലതവണയാണ് രക്തബന്ധത്തിലുള്ള പെൺകുട്ടിയെ ഇയാൾ ഉപദ്രവിച്ചത്. കുട്ടി മൂന്നാം ക്ലാസിൽ പഠിക്കവെയാണ് നരിപ്പറ്റയിൽ വീട്ടിൽവച്ച് പീഡിപ്പിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം 20 വർഷം വീതമാണ് കഠിന തടവ്. ഈ വകുപ്പിലെ പിഴ സംഖ്യ 20,000 രൂപ വീതമാണ്. ഈ തുക അടച്ചില്ലെങ്കിൽ ആറു മാസം കൂടി അധികമായി കഠിന തടവ് അനുഭവിക്കണം. 354 ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം 5 വർഷം വീതം കഠിന തടവും 10,000 രൂപ വീതം പിഴയും 11 (സെക്‌ഷൻ 3) വകുപ്പു പ്രകാരം 3 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി 18 സാക്ഷികളെ ഹാജരാക്കിയ കേസിൽ 15 രേഖകൾ തെളിവിനായി സമർപ്പിച്ചു. പ്രതിയെ മലപ്പുറം തവനൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി.

