കോട്ടയം കൈപ്പുഴമുട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ അപകടകാരണം ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതാണെന്ന് സംശയം. പോലീസ് ഇക്കാര്യമാണ് പ്രാഥമീകമായി പരിശോധിക്കുന്നത്. ഗൂഗിൾ മാപ്പ് കാട്ടിയ ദിശ മാറി പുഴയിലേക്ക് പതിച്ചതാകാം എന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ്, മഹാരാഷ്ട്ര സ്വദേശിനിയായ സെയ്‌ലി രാജേന്ദ്ര സർജേ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ പുഴയിൽ നിന്ന് കാർ കണ്ടെടുക്കുകയായിരുന്നു. ഗ്ലാസ്സ് തകർത്ത് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ രണ്ടുപേരെ കണ്ടെത്തിയത്.
ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എറണാകുളത്തുനിന്നും വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. പാലത്തിലേക്ക് കയറുന്നതിന് പകരം തൊട്ട് മുന്നിലുള്ള പുഴയിലേക്ക് പോകുന്ന റാമ്പിലേക്ക് കാർ കയറുകയായിരുന്നു. ഇതാണ് ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതാണെന്ന് സംശയിക്കാൻ കാരണം. ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഇത്തരത്തിൽ കേരളത്തിൽ നടക്കുന്നുണ്ട്. കുമരകത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ പ്രദേശത്ത് വഴിവിളക്കുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന നിരന്തരമായ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

