Tuesday, October 27, 2026

ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ സംഹാര താണ്ഡവം; മരണം 492 കഴിഞ്ഞു; 1650 പേർക്ക് പരിക്കേറ്റു! ശക്തമായ തിരിച്ചടി നേരിടാനായി ഒരുങ്ങാൻ ഇറാന്റെ പോർവിളി

ബെയ്‌റൂട്ട്: ലബനനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. തിങ്കളാഴ്ച നടന്ന ശക്തമായ ബോംബിങ്ങിൽ മരണസംഖ്യ 492 കഴിഞ്ഞു. 1650 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ലബനനിലും കിഴക്കൻ ലബനനിലുമുള്ള ഹിസ്ബുള്ളയുടെ ആയിരത്തിലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. നേരത്തെ ഈ ഭാഗങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. 2006 ലെ ശക്തമായ ആക്രമണത്തിന് ശേഷം ഇസ്രായേൽ ഹിസ്ബുള്ളയ്ക്ക് നേരെ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് തിങ്കളാഴ്ച നടന്നത്. ഹിസ്ബുള്ളയുടെ ആയുധ സംഭരണ കേന്ദ്രങ്ങളാണ് ഇസ്രായേൽ പ്രധാനമായും ലക്ഷ്യംവച്ചത്. സംഘർഷം ശക്തമായതോടെ അമേരിക്ക മേഖലയിൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നു.

ലബനൻ ആരോഗ്യവകുപ്പ് മരണസംഖ്യ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന് ശേഷം ഹിസ്ബുള്ള നിരന്തരം ഇസ്രയേലിനെ ആക്രമിച്ചിട്ടുണ്ട്. ഹമാസ് നേതാവിന്റെ കൊലപാതകത്തിന് ശേഷവും ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഒക്ടോബർ ഏഴിന്റെ വാർഷികത്തിൽ വൻ ആക്രമണത്തിന് ഹിസ്ബുള്ള തയ്യാറെടുക്കുകയായിരുന്നു എന്ന് സൂചനയുണ്ട്. തങ്ങൾ ഒരാക്രമണത്തിനും ഇരയാകാനായി കാത്തിരിക്കാറില്ലെന്നും ശത്രു ആക്രമണത്തിന് തയ്യാറെടുക്കുമ്പോൾ തന്നെ തിരിച്ചടിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

യു എൻ ജനറൽ അസംബ്ലി യോഗത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ന്യൂയോർക്കിൽ ഉള്ളപ്പോഴാണ് ലബനനിൽ വ്യോമാക്രമണം നടന്നത്. ഇസ്രായേൽ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന് ഭീഷണി ഉയർത്തുന്നവരെ നേരിടുമെന്നും ഇസ്രായേൽ അറിയിച്ചു. ലബനനിൽ വ്യോമാക്രമണം നടത്തുമ്പോൾ തന്നെ ഇസ്രായേൽ ഗാസയിലും ശക്തമായ ആക്രമണം നടത്തിയിരുന്നു. നേരത്തെ ഇസ്രയേലിന്റെ യുദ്ധകാല മന്ത്രിസഭ യോഗം ചേർന്ന് യുദ്ധതന്ത്രങ്ങളിൽ വരുത്തിയ നിർണ്ണായക മാറ്റം അംഗീകരിച്ചിരുന്നു.

Related Articles

Latest Articles