Saturday, January 3, 2026

അബുദാബിയിൽ നിയന്ത്രണം വിട്ട വാഹനം കോണ്‍ക്രീറ്റ് തൂണിലിടിച്ച് അപകടം; രണ്ടു പേർ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

അബുദാബി: നിയന്ത്രണം വിട്ട വാഹനം കോണ്‍ക്രീറ്റ് തൂണിലിടിച്ച് അബുദാബിയിൽ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. അബുദാബിയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനികിന്റെ പ്രവേശന കവാടത്തിന് സമീപമാണ് അപകടമുണ്ടായത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ദിശമാറി ആശുപത്രിയുടെ പ്രവേശന സ്ഥലത്തെ തൂണിലിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബാഗങ്ങളെ അബുദാബി പൊലീസ് അനുശോചനം അറിയിച്ചു. പരിക്കേറ്റയാള്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു .

Related Articles

Latest Articles