Tuesday, May 21, 2024
spot_img

രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും പ്രതികൾ ! ഹർഷിന കേസിൽ കുറ്റപത്രം സമർപ്പിച്ചു !750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികൾ

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച കേസിൽ രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം നൽകിയത്.

തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ.750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളാണുള്ളത്. 2017 നവംബര്‍ 30ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞവര്‍ഷം മെഡിക്കല്‍ കോളേജില്‍ വെച്ചുതന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.

ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന 4 പേരെയാണ് കേസിൽ പ്രതി ചേർത്തത്. ഇവരുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഐപിസി 338 പ്രകാരം 4 പേരെയും പ്രതിചേർത്താണ് റിപ്പോർട്ട് നൽകിയത്. 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 1നാണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസിപി കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Related Articles

Latest Articles