Tuesday, September 22, 2026

രണ്ടു ദിവസത്തിനിടെ രണ്ടു ബലാത്സംഗങ്ങൾ , ഒരു കൊലപാതകം; ദില്ലിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ മുൻ ജോലിക്കാരൻ പിടിയിൽ

ദില്ലി ഈസ്റ്റ് ഓഫ് കൈലാഷിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളായ 22 വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ 19 വയസ്സുകാരൻ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു. എൻജിനീയറിങ് ബിരുദധാരിയും യുപിഎസ്സി ഉദ്യോഗാർത്ഥിയുമായിരുന്ന യുവതിയെ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് യുവതി ലൈംഗിക പീഡനത്തിനിരയായതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഒരു മാസം മുൻപ് വരെ യുവതിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായ രാഹുൽ. മറ്റ് ജോലിക്കാരോട് സ്ഥിരമായി പണം കടം വാങ്ങുകയും അത് മടക്കി നൽകാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ദ്വാരകയിലെ ഒരു ഹോട്ടലിൽ വെച്ചാണ് പോലീസ് പിടികൂടിയത്.

ദില്ലിയിലെ കൊലപാതകത്തിന് മുൻപ് തന്നെ ഇയാൾ രാജസ്ഥാനിലെ അൽവാറിൽ മറ്റൊരു ക്രൂരകൃത്യം നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഡൽഹിയിലെ സംഭവത്തിന് തൊട്ടുതലേന്ന് അൽവാറിലെ തന്റെ ഗ്രാമത്തിൽ വെച്ച് ഇയാൾ മറ്റൊരു യുവതിയെ പീഡിപ്പിച്ചതായാണ് വിവരം. പീഡനത്തിനിരയായ സ്ത്രീയുടെ ഭർത്താവുമായി സുഹൃത്തായിരുന്ന രാഹുൽ, നേരത്തെ ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ മുൻപരിചയം മുതലെടുത്താണ് ഇയാൾ ക്രൂരത കാട്ടിയത്.

ദില്ലിയിലെ കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ജോലിയിൽ നിന്ന് പുറത്താക്കിയതിലുള്ള പകയും പ്രതിയുടെ ക്രിമിനൽ മനോഭാവവുമാകാം ഇതിലേക്ക് നയിച്ചതെന്നാണ് ജോയിന്റ് പോലീസ് കമ്മീഷണർ വിജയ് കുമാർ വ്യക്തമാക്കിയത്. അൽവാറിലെ സംഭവം ഉൾപ്പെടെ പരിഗണിക്കുമ്പോൾ, ഇയാൾക്ക് കൊടും കുറ്റകൃത്യങ്ങളോട് താല്പര്യമുള്ള മാനസികാവസ്ഥയാണോ ഉള്ളതെന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഉറപ്പിക്കാനാവൂ എന്നും പോലീസ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles