ചേർത്തല: അർത്തുങ്കൽ ഫിഷ്‌ലാന്‍ഡിങ് സെന്ററിനു സമീപം ആയിരംതൈയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. ഒരാളെ മത്സ്യ തൊഴിലാളികൾ രക്ഷപെടുത്തി. തീരത്തെത്തിയ ആറു വിദ്യാര്‍ഥികളില്‍ മൂന്നുപേരാണ് തിരിയില്‍പ്പെട്ടത്. കടക്കരപ്പള്ളി സ്വദേശി നികര്‍ത്തില്‍ മുരളീധരന്റെയും ഷീലയുടെയും മകന്‍ ശ്രീഹരി(16), കൊച്ചുകരിയില്‍ കണ്ണന്റെയും അനിമോളുടെയും മകന്‍ വൈശാഖ്(16) എന്നിവരെയാണ് കാണാതായത്.
കടല്‍ ശക്തമായതിനാല്‍ തിരച്ചില്‍ നടത്താനായില്ല. അഗ്നിശമനസേനയും തീരദേശ പൊലീസും സ്ഥലത്തെത്തി. തീരദേശ പൊലീസ് തിരച്ചിലിനായി ബോട്ടിറക്കിയെങ്കിലും കടൽ ശക്തമായതിനാൽ സാധിച്ചില്ല. തീരത്തു പ്രത്യേക വൈദ്യുതിവിളക്കുകളും സംവിധാനങ്ങളും ഒരുക്കി രാത്രിയിലും സേനകള്‍ സജ്ജമായിട്ടുണ്ട്. മുങ്ങിത്താഴ്ന്ന ഒരാളെ മത്സ്യതൊഴിലാളികള്‍ കയറ് എറിഞ്ഞു നല്‍കിയാണ് രക്ഷപ്പെടുത്തിയത്. കടക്കരപ്പള്ളി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം കാത്തുനില്‍ക്കുന്നവരാണ് വിദ്യാര്‍ഥികള്‍.

