Monday, December 29, 2025

ജമ്മു കശ്മീരിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു; ഒരാഴ്ചയ്ക്കിടെ കൊലപ്പെടുത്തിയത് പതിനഞ്ചോളം തീവ്രവാദികളെ

ശ്രീനഗർ: കശ്മീരിൽ ഭീകരർക്കെതിരെ വേട്ട തുടർന്ന് സൈന്യം (Terrorists Attack In Jammu Kashmir). കഴിഞ്ഞ ഒരാഴ്ചയായി ഭീകരർക്കെതിരെ ശക്തമായ ഏറ്റുമുട്ടലാണ് പൂഞ്ചിലുൾപ്പെടെ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് പുലർച്ചെ ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ കുൽഗാമിലെ ലഷ്‌കർ ഇ ത്വയ്ബ ജില്ലാ കമാൻഡർ ഗുൽസാർ അഹ്മദ് രേഷിയെ വധിച്ചു. പൂഞ്ചിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ ഭീകരർ ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ സൈന്യം ഭീകരർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

അതുകൂടാതെ ഒക്ടോബർ 17 ന് വാൻപോയിൽ ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഭീകരനെയും സൈന്യം വധിച്ചു. ഇതോടെ ഇന്നും ഇന്നലെയുമായി മാത്രം നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ഉത്തർപ്രദേശിലെ സഹരൻപൂരിൽ നിന്നുള്ള മരപ്പണിക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ആദിൽ വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കശ്മീർ സോൺ ഐജി പി. വിജയ് കുമാർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിൽ ഏറ്റുമുട്ടലുകളിൽ 15ൽ അധികം ഭീകരരെ വധിച്ചതായി വിജയ് കുമാർ കൂട്ടിച്ചേർത്തു. അതേസമയം ഇപ്പോഴും വനമേഖലയിൽ സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ ഭീകരർ ഇനിയും പിടിയിലാകുമെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles