Thursday, May 2, 2024
spot_img

യുഎപിഎ അറസ്റ്റ്: പ്രതിയുടെ ലാപ്ടോപ്പില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍ നിന്ന് മാവോവാദി ബന്ധം സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകളും, മാവോവാദി ഭരണഘടനയുമാണ് ലാപ്ടോപ്പില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളുമടക്കം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് പൊലീസ് യുഎപിഎ ചുമത്തിയത്.

അതേസമയം, ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴൊക്കെ പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പൊലീസ് ഉറപ്പിച്ച് പറഞ്ഞിരുന്നു. അന്വേഷണസംഘത്തിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അതുകൂടി കോടതിയില്‍ സമര്‍പ്പിക്കും.പ്രതികളുടെ കൂട്ടത്തിലുള്ള മൂന്നാമനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താന്‍ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയുംകൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.

Related Articles

Latest Articles