ദില്ലി: ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുപ്പതുകാരനായ ഉദയ്പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ ആണ് പിടിയിലായത്. അന്വേഷണത്തിൽ മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ കണ്ടെത്തി. കൊലപാതകത്തിൽ ഇത് വരെ അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത്.
ആദ്യം അറസ്റ്റിലായ നാല് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച് എന്‍ഐഎയും രാജ്സ്ഥാന്‍ എടിഎസും തമ്മിലുള്ള ഭിന്നത തുടരുകയാണ്. പാകിസ്ഥാന്‍ ബന്ധമടക്കം വ്യക്തമായ സാഹചര്യത്തില്‍ പ്രതികൾക്ക് നേരിട്ട് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് എടിഎസ്. എന്നാല്‍ നേരിട്ടുള്ള ഭീകര ബന്ധത്തിന് തെളിവില്ലെന്നും ഭീകരസംഘടനകളില്‍ ആകൃഷ്ടരായവരാണ് പ്രതികളെന്നുമാണ് എന്‍ഐഎയുടെ നിഗമനം.
പ്രവാചകനായ നബിയെക്കുറിച്ച് പരാമർശിച്ച് സംസാരിച്ച നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതിനാണ് കനയ്യ ലാൽ എന്ന ഹിന്ദു തയ്യൽക്കാരനെ പട്ടാപ്പകൽ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവർ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് കൊലപ്പെടുത്തിയ രംഗങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇത്തരത്തിൽ വധിക്കുമെന്ന് വീഡിയോയിലൂടെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.
46 കാരനായ തയ്യൽക്കാരന്റെ ശരീരത്തിൽ 26 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഭീകര സംഘടനയായ ഐഎസ് രീതിയിലാണ് കനയ്യ ലാലിനെ മത ഭ്രാന്തന്മാർ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

