Tuesday, April 30, 2024
spot_img

മഹാരാഷ്ട്രയിൽ ഉദ്ദവിന് വൻ തിരിച്ചടി; മൂന്ന് എംഎല്‍എമാര്‍ കൂടി കുടുംബസമേതം ഗുവാഹത്തിയില്‍, എംഎല്‍എമാർക്ക് കനത്ത സുരക്ഷ

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറയ്ക്കും പവാറിനും തിരിച്ചടി നല്‍കി മൂന്ന് എംഎല്‍എമാര്‍ കൂടി ഷിന്‍ഡെയ്‌ക്കൊപ്പം ചേർന്നു. കുടുംബാംഗങ്ങളോടൊപ്പമാണ് മൂന്ന് എംഎല്‍എമാര്‍ കൂടി ഗുവാഹത്തിയില്‍ എത്തിയിട്ടുണ്ട്. എം എൽ എ മാർക്കും കുടുംബത്തിനും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഇവരുള്ളത്. നിലവില്‍ ഷിന്‍ഡെ ക്യാമ്പില്‍ 33 എംഎല്‍എമാരുണ്ടെന്നാണ് സൂചന.

കൂറുമാറ്റ നിരോധന നിയമം ഒഴിവാകണമെങ്കില്‍ നാല് എംഎല്‍എമാരുടെ പിന്തുണ കൂടി ഷിന്‍ഡെയ്ക്ക് വേണം. ഷിന്‍ഡെയ്ക്കൊപ്പം അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ കൂടിയുണ്ട്. ‘ഒരു ശിവസൈനികന്‍ തന്നെ മുഖ്യമന്ത്രിയാകുമെങ്കില്‍ സ്ഥാനമൊഴിയാ’മെന്ന വികാരനിര്‍ഭരമായ ഉദ്ധവിന്റെ പ്രസംഗവും വസതി ഒഴിയലുമടക്കമുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഫലിക്കുന്നില്ലെന്ന് വേണം കരുതാന്‍. ഇന്നലെ രാത്രി ശിവസേനയിലെ വിമതരെല്ലാം ചേര്‍ന്ന് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്ന് കാട്ടി ഗവര്‍ണര്‍ക്ക് വിമതര്‍ കത്ത് നല്‍കി. ഇത് പാസാക്കുകയും ചെയ്തതോടെ പവാര്‍, ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം, ഇന്ന് ശിവസേനയും എന്‍സിപിയും തുടര്‍ച്ചയായി സ്ഥിതി വിലയിരുത്താന്‍ യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ‘മാതോശ്രീ’യിലാണ് ശിവസേന നേതാക്കളുടെ യോഗം നടക്കുന്നത്. രാവിലെ 11.30-യ്ക്ക് ദില്ലിയില്‍ വൈ ബി ചവാന്‍ സെന്‍ററില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും നേതൃയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ഗുവാഹത്തിയിലെ ഹോട്ടലില്‍ വിമത എംഎല്‍എമാരും യോഗം ചേരും.

Related Articles

Latest Articles