Wednesday, May 22, 2024
spot_img

നിയമ നടപടി തുടങ്ങി ഇ പി ! ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറിനും കെ സുധാകരനും വക്കീൽ നോട്ടീസ് ! ആരോപണങ്ങൾ പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാവശ്യം

തിരുവനന്തപുരം : ഇ പി ജയരാജനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസ് . ആരോപണങ്ങൾ പിൻവലിച്ച്‌ ഉടൻ മാദ്ധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിക്കാത്ത പക്ഷം, സിവിൽ – ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ അഡ്വ. എം രാജഗോപാലൻ നായർ മുഖേന എൽഡിഎഫ് കൺവീനർ നോട്ടീസയച്ചിരിക്കുന്നത്. തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്നുമാണ് ഇപിയുടെ ആരോപണം.

“വിവിധ പത്രങ്ങളിലും വാർത്താ ചാനലുകളിലും നൽകിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇവർ ഇ പി ജയരാജനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ്‌ ചെയ്തത്‌. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിക്കുക വഴി ഇ പി യെ മാത്രമല്ല പാർട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ്‌. ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്‌. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ്‌ ഇ പി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്‌.

തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ഉപതെരഞ്ഞെടുപ്പ്‌ സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുൻപ്‌ മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യവും വ്യക്തമാണ്.” – നോട്ടീസിൽ പറയുന്നു.

Related Articles

Latest Articles