Thursday, May 2, 2024
spot_img

കുട്ടനാട്ടിൽ ജോണി നെല്ലൂരിനെ സമവായ സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫ് നീക്കം,വിട്ടുവീഴ്ച്ചയ്ക്കില്ലാതെ ജോസ്-ജോസഫ് പക്ഷങ്ങൾ…

കേരള കോണ്‍ഗ്രസിലെ ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മിലുള്ള ഉടക്ക് രൂക്ഷമായതോടെ കുട്ടനാട് സീറ്റില്‍ യു.ഡി.എഫിന്റെ പൊതുസ്ഥാനാര്‍ഥിയായി ജോണി നെല്ലൂര്‍ പരിഗണനയില്‍. ഇതിനെ പിന്തുണയ്ക്കുന്ന നിര്‍ദേശമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവയ്ക്കുന്നത്. ജോണി നെല്ലൂരിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് കുറയ്ക്കാമെന്നാണ് കണക്കുകൂട്ടലുകള്‍.

തര്‍ക്കം രൂക്ഷമായതോടെ കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, ഘടകകക്ഷികളുടെ സീറ്റ് ഏറ്റെടുക്കുന്നത് മുന്നണിക്കുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നു വിലയിരുത്തലുണ്ടായി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ബാധിക്കുമെന്നതിനാല്‍ അത്തരമൊരു നീക്കത്തിലേക്കു നേതൃത്വം പോകില്ല. മുമ്പ് ജേക്കബ് ഗ്രൂപ്പ് മത്സരിച്ചിരുന്ന സീറ്റാണ് കുട്ടനാട്. ജേക്കബ് ഗ്രൂപ്പ് ഡി.ഐ.സിയിലേക്കു പോയപ്പോള്‍ യു.ഡി.എഫ്. ആ സീറ്റ് ഡി.ഐ.സിക്കു നല്‍കി. അങ്ങനെയാണ് തോമസ് ചാണ്ടി സ്ഥാനാര്‍ഥിയായത്. പീന്നീട് സീറ്റ് കേരള കോണ്‍ഗ്രസി(എം)ല്‍ എത്തുകയായിരുന്നു.

കുട്ടനാട് തങ്ങളുടെ സീറ്റാണെന്നും അത് ഇക്കുറിയും വേണമെന്നുമാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. ഡോ: കെ.സി. ജോസഫായിരുന്നു കുട്ടനാടിനെ പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് ഏബ്രഹാം ഇക്കുറി ജോസഫ് പക്ഷത്തുമാണ്. അതുകൊണ്ട് സീറ്റില്‍ അവര്‍ ഒത്തുതീര്‍പ്പിനു തയാറല്ല. സീറ്റിന്റെ കാര്യത്തില്‍ ജോസ്പക്ഷവും വിട്ടുവീഴ്ചയ്ക്കില്ല. ഇത് യു.ഡി.എഫിനു തലവേദന സൃഷ്ടിച്ചപ്പോഴാണ് പൊതുസ്ഥാനാര്‍ഥി എന്ന ആശയം വന്നത്. ഡോ: കെ.സി. ജോസഫിനെത്തന്നെ മടക്കിക്കൊണ്ടുവരാന്‍ ജോസഫ്പക്ഷം മുമ്പ് നീക്കം നടത്തിയെങ്കിലും കോണ്‍ഗ്രസിനു താല്‍പര്യമുണ്ടായിരുന്നില്ല. പ്രാദേശികതലത്തില്‍ കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസിനു തര്‍ക്കങ്ങളുണ്ട്.

മണ്ഡലത്തില്‍ ക്രിസ്തീയ വിഭാഗങ്ങളില്‍ ഭൂരിപക്ഷമുള്ള കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട വ്യക്തിയെന്നതും സഭയുടെ പിന്തുണയും ജോണി നെല്ലൂരിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിക്കുന്നു. ജോണി നെല്ലൂരാണെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ ഇരുവിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

Related Articles

Latest Articles