കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നു. റഷ്യ യുദ്ധം പ്രഖ്യാപിക്കുകയും ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് നഗരത്തിലെ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും മറ്റു കേന്ദ്രങ്ങളിലുമായി ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നത്.
ഇന്ന് (വ്യാഴാഴ്ച) രാവിലെ റഷ്യ ബോംബാക്രമണം ആരംഭിച്ചതിന് പിന്നാലെ നിരവധിയാളുകളാണ് മെട്രോ സ്‌റ്റേഷനുകളിലെത്തിയത്. കീവ് നഗരത്തില്‍നിന്ന് പുറത്തേക്കുള്ള റോഡുകളിലെല്ലാം രാവിലെ മുതല്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
മാത്രമല്ല, കീവിലെയും ഒഡേസയിലെയും പെട്രോള്‍ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണുള്ളത്. വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കീവില്‍ സൈറണും മുഴങ്ങിയിരുന്നു. ഇതിനുപിന്നാലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണ്.
അതേസമയം റഷ്യന്‍ ആക്രമണമുണ്ടായാല്‍ മെട്രോ സ്‌റ്റേഷനില്‍ ജനങ്ങള്‍ക്ക് സുരക്ഷിത താവളം ഒരുക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി കീവ് മേയര്‍ വിറ്റാലി ക്ലിഷ്‌കോ മുമ്പേ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ മെട്രോ സ്‌റ്റേഷനുകളില്‍ എത്തിയത്.
എന്നാൽ ഇന്റര്‍നെറ്റ്, മൊബൈല്‍, ടെലിവിഷന്‍ സംപ്രേഷണം എന്നിവയെല്ലാം യുക്രൈയിനില്‍ സാധാരണനിലയിലയാണെന്നാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകയായ ഓള്‍ഗ ടോകാര്യൂക് ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണെന്നും ഇവര്‍ അറിയിച്ചു.
കൂടാതെ കീവിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാഴാഴ്ച രാവിലെ മുതല്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്നും പല സൂപ്പര്‍മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായും ചിലര്‍ ട്വീറ്റ് ചെയ്തു. നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്

