വിദിഷ: യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പൈസ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച 35 കാരൻ അറസ്റ്റില്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന പേരിലാണ് ഇയാൾ വിദ്യാർത്ഥിയുടെ വീട്ടിൽ വിളിച്ചത്. ഗുരുഗ്രാമില്‍ നിന്നാണ് ഇയാളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രിന്‍സ് ഗാവ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ സമാനമായ തട്ടിപ്പുകള്‍ മുമ്പും നടത്തിയിട്ടുണ്ടെന്നാണ് കോട്ട്വാലി പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അഷുതോഷ് സിംഗ് പിടിഐയോട് പറഞ്ഞത്.
മധ്യപ്രദേശിലെ വിദിഷയിലുള്ള വൈശാലി വില്‍സണ്‍ എന്ന സ്ത്രീയെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് പ്രതി ഫോണില്‍ ബന്ധപെടുകയായിരുന്നു. ഇവരുടെ യുക്രൈനില്‍ മെഡിസിന് പഠിക്കുന്ന മകളെ തിരിച്ചെത്തിക്കാന്‍ സഹായിക്കാമെന്നും. അതിനായി ടിക്കറ്റ് ചാര്‍ജായി 42,000 രൂപ കൈമാറണം എന്നുമാണ് നിര്‍ദേശിച്ചത്. ഇത് വിശ്വസിച്ച വൈശാലി വില്‍സണ്‍ പണം ഫോണ്‍ ആപ്പ് വഴി കൈമാറി.
എന്നാല്‍ പിന്നീട് ഇയാളുടെ വിവരം ഒന്നും ഇല്ലാതെയായി. ഫോണിൽ ബന്ധപ്പെടാനും സാധിക്കാതെയായി. തുടർന്നാണ് ഇവർ പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലായത്. ഇവർ ഉടൻ തന്നെ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സിനെ എംപി പോലീസ് ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരവും, ഐടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

