കൽപ്പറ്റ: പുൽപ്പള്ളി പെരിക്കല്ലൂർ സ്വദേശിയുടെ വീട്ടിൽനിന്ന് മദ്യവും തോട്ടയും പിടിച്ചെടുത്ത സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. കേസിൽ പ്രതിയെന്ന് മുദ്രകുത്തി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ട ആൾ നിരപരാധിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. തങ്കച്ചനെ കേസിൽ കുടുക്കിയതിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് ആണെന്നാണ് ഉയരുന്ന ആരോപണം.സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഭിന്നതയും വ്യക്തിവൈരാഗ്യവും ഉണ്ടെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
22ന് രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പൊലീസ് പ്രാദേശിക കോൺഗ്രസ് നേതാവായ തങ്കച്ചന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ കാർ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. ഉടൻതന്നെ പൊലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തു. കള്ളക്കേസ് ആണെന്നും ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് എന്ന സംശയം ഉണ്ടെന്നും തങ്കച്ചനും കുടുംബവും പറഞ്ഞെങ്കിലും പോലീസ് മുഖവിലക്കെടുത്തില്ല. അറസ്റ്റ് ചെയ്ത തങ്കച്ചനെ പോലീസ് വൈത്തിരി സബ്ജയിലിലേക്ക് മാറ്റി. കഴിഞ്ഞ 17 ദിവസമായി വൈത്തിരി സബ്ജയിൽ തങ്കച്ചൻ കഴിയുന്നതിനിടെയാണ് വഴിത്തിരിവ് ഉണ്ടായത്.
കേസിൽ താൻ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചൻ പ്രതികരിച്ചു. വീട്ടിൽനിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ മോചിതനായി.
“താൻ നിരപരാധിയാണെന്ന് പലതവണ പറഞ്ഞിട്ടും പോലീസ് കേട്ടില്ല. നിരപരാധിത്വം പറയാൻ ശ്രമിച്ചപ്പോൾ പൊലീസ് തട്ടിക്കയറുകയാണ് ചെയ്തത്. എന്നാൽ, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല. കവറിൽ ഫിംഗർപ്രിന്റ് പരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പ്രഥമ ദൃഷ്ടിയാൽ നോക്കിയാൽ തന്നെ ആരോ കൊണ്ടുവെച്ചതാണെന്ന് മനസ്സിലാകും. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണ് കേസിന് പിന്നിൽ. വീട്ടിൽ കിടത്തി ഉറക്കില്ലെന്ന് ഭീഷണി ഉണ്ടായിരുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയിൽ ഇട്ട ഇര മാത്രമാണ്. യാഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ട്.
ചെയ്യാത്ത കുറ്റത്തിനാണ് 17 ദിവസം ജയിലിൽ കിടന്നത്. പ്രതിയെ പിടിച്ചില്ലായിരുന്നെങ്കിൽ 60 ദിവസം ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎ ജയിലിൽ കാണാൻ വന്നിരുന്നു. ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്നും കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.”- തങ്കച്ചൻ പറഞ്ഞു. അതേസമയം, അറസ്റ്റിലായ തങ്കച്ചനെ അറിയില്ലെന്നും സംഭവവുമായി ഒരു ബന്ധവുമില്ലെന്നും ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ പറഞ്ഞു.

