Friday, January 9, 2026

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA) ശുപാർശ ചെയ്തു. ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണെങ്കിലും, മുൻ നിശ്ചയിച്ച തീയതിയിൽ തന്നെ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിന് തന്നെ ബജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാക്കി തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. അന്തിമ അംഗീകാരം ലഭിക്കുകയാണെങ്കിൽ, സമീപകാലത്ത് ഒരു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് ആദ്യമായാകും.

റിപ്പോർട്ടുകൾ പ്രകാരം പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 28-ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ഇക്കണോമിക് സർവേ ജനുവരി 29-ന് പാർലമെന്റിൽ സമർപ്പിക്കും. ജനുവരി 30, 31 തീയതികൾ അവധിയായതിനാൽ ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരണം നടത്താനാണ് ആലോചന.

ഈ ബജറ്റോടെ ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു അപൂർവ്വ റെക്കോർഡിന് ഉടമയാകും. തുടർച്ചയായി ഒൻപത് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന ബഹുമതി ഇതോടെ അവർക്ക് ലഭിക്കും. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ (10 തവണ) റെക്കോർഡിന് തൊട്ടടുത്തെത്താൻ ഇതോടെ സീതാരാമന് സാധിക്കും. ഇതിന് മുൻപ് പി. ചിദംബരം ഒൻപത് തവണയും പ്രണബ് മുഖർജി എട്ട് തവണയും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് ഇതാദ്യമായല്ല. 2025-ലെ ബജറ്റ് ഒരു ശനിയാഴ്ചയാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. മുമ്പ് അരുൺ ജെയ്റ്റ്‌ലിയും 2015, 2016 വർഷങ്ങളിൽ ശനിയാഴ്ചകളിൽ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. 2017 മുതലാണ് ബജറ്റ് അവതരണം ഫെബ്രുവരി 28-ൽ നിന്ന് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. റെയിൽവേ ബജറ്റും പൊതുബജറ്റും ലയിപ്പിച്ചതും ഇതേ കാലയളവിലായിരുന്നു. ഇത്തവണത്തെ ബജറ്റിൽ ആദായനികുതി ഇളവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മധ്യവർഗം വലിയ പ്രതീക്ഷയിലാണ്.

Related Articles

Latest Articles