Tuesday, June 18, 2024
spot_img

തെരഞ്ഞെടുപ്പ് ചൂട് കലർത്താതെ ഇടക്കാല ബഡ്‌ജറ്റ്‌ ! തിളക്കമാർന്ന ഭരണനേട്ടങ്ങൾ, പാവങ്ങൾക്ക് കൂടുതൽ കരുതൽ, അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയില്ല, നികുതിഘടനയിൽ മാറ്റമില്ല; ആത്മവിശ്വാസത്തോടെ കേന്ദ്ര ധനമന്ത്രിയുടെ ബഡ്‌ജറ്റ്‌ പ്രസംഗം

ദില്ലി: രാഷ്ട്ര പുരോഗതിയും പൗരന്മാരുടെ ക്ഷേമവും മാത്രം ലക്ഷ്യമാക്കി തെരഞ്ഞെടുപ്പ് ഗിമ്മിക്കുകളില്ലാതെ തന്റെ ആറാം ബഡ്‌ജറ്റ്‌ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. തെരഞ്ഞെടുപ്പിന് മുമ്പുള്ള പല ഇടക്കാല ബജറ്റുകളും പ്രായോഗികതകൾ മറന്നുള്ള വമ്പൻ പ്രഖ്യാപനങ്ങളാകുമ്പോൾ, വസ്തുതകൾ അവതരിപ്പിച്ച് ഇടക്കാല ബഡ്‌ജറ്റിന്റെ ഫ്രെയ്‌മിലൊതുക്കിയ ആത്മവിശ്വാസത്തോടെയാണ് ബഡ്‌ജറ്റ്‌ അവതരണം മന്ത്രി പൂർത്തിയയാക്കിയത്. എന്നാൽ വിട്ടുവീഴ്ച ചെയ്യാനാകാത്ത മേഖലകളായ അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമവും, അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിലുണ്ട്. സർക്കാരിന്റെ കയ്യിലുള്ളത് തിളക്കമാർന്ന ഭരണ നേട്ടങ്ങളാണ്. വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ ഇടക്കാല ബഡ്‌ജറ്റ്‌ അവതരിപ്പിച്ച ധനമന്ത്രി പക്ഷെ വീട്, കുടിവെള്ളം, വൈദ്യുതി, പാചകവാതകം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പാവങ്ങളിലേക്ക് അതിവേഗം എത്തിച്ച് സർക്കാർ എന്ന നിലയിൽ 2024 ൽ വലിയ ഭൂരിപക്ഷത്തോടെ സർക്കാർ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ആവാസ് യോജനയിൽ 3 കോടി വീടുകൾ പൂർത്തിയാക്കിയതായും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 2 കോടി വീടുകൾ കൂടി അനുവദിക്കുന്നതായും ധനമന്ത്രി പറഞ്ഞു. മുഴുവൻ അംഗൻ വാടി ആശാ വർക്കർമാർക്കും അഞ്ചു ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരത് കാർഡ് നൽകും, പി എം ആവാസ് യോജന ഗുണഭോക്താക്കൾക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യം, തുടങ്ങിയ പ്രഖ്യാപനങ്ങൾ പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. 40000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും, പുതിയ വിമാനത്താവളങ്ങളും റൂട്ടുകളും, ഇലക്ട്രിക്ക് ബസുകളുടെ പ്രോത്സാഹനം തുടങ്ങി 11 ലക്ഷം കോടിരൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഇടക്കാല ബഡ്‌ജറ്റിന് മികവേകുന്ന പ്രഖ്യാപനങ്ങളാണ്.

കിസാൻ സമ്മാൻ നിധി തുക വർധിപ്പിക്കുമെന്നും ഇന്ധനവില കുറയ്ക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ അനുവദിക്കുമെന്നും പ്രചാരങ്ങങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഇത്തരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് പിന്നാലെ ധനമന്ത്രി പോയില്ല എന്നതാണ് ഈ ബഡ്‌ജറ്റിനെ വ്യത്യസ്തമാക്കുന്നത്. പ്രഖ്യാപിക്കാൻ പോകുന്നത് ഒരു ഇടക്കാല ബഡ്‌ജറ്റ്‌ മാത്രമാകുമെന്നും സമ്പൂർണ്ണ ബജറ്റുമായി തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു

Related Articles

Latest Articles