Saturday, May 18, 2024
spot_img

മകളെ രക്ഷിക്കാനുള്ള പിണറായിയുടെ പ്രതിരോധങ്ങൾ പാളി; ഹൈക്കോടതി വിധിക്ക് കാത്ത് നിൽക്കാതെ മാസപ്പടിക്കേസിൽ എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം; വീണാ വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും; ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ ഇടപെടൽ ഉടൻ ?

ദില്ലി: ഹൈക്കോടതി വിധിക്ക് കാത്ത് നിൽക്കാതെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഉൾപ്പെട്ട മാസപ്പടിക്കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് സർക്കാർ ഏജൻസിക്ക് ഓഹരിപങ്കാളിത്തമുള്ള വിവാദ കരിമണൽ കമ്പനിയായ സി എം ആർ എൽ സേവനങ്ങൾ ഒന്നും നൽകാതെ പണം നൽകിയത് ദുരൂഹവും നിയമവിരുദ്ധവുമാണെന്ന് ആദായ നികുതി ഇന്റെറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ബാംഗ്ലൂർ രജിസ്ട്രാർ ഓഫ് കമ്പനീസും ആരോപണം ആവർത്തിച്ചിരുന്നു. തുടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം ഒരന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ അന്വേഷണം പോരെന്നും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ തന്നെ വേണമെന്നും ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ അഡ്വ. ഷോൺ ജോർജ് ഹർജി നൽകിയിരുന്നു.

ഈ ഹർജിയെ എതിർക്കാൻ സംസ്ഥാന സർക്കാർ ഏജൻസിയായ കെ എസ് ഡി സി വൻ തുക ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകനെ എത്തിച്ചിരുന്നു. ഒരു ഓൺലൈൻ സിറ്റിങ്ങിന് 25 ലക്ഷം രൂപയും ഓഫീസ് ചാർജുമാണ് അഭിഭാഷകന് കെ എസ് ഐ ഡി സി നൽകിയത്. എക്‌സാലോജിക്കിനെ അന്വേഷണത്തിൽ നിന്ന് രക്ഷിക്കാനാണ് കെ എസ് ഐ ഡി സി ഇടപെടലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഹൈക്കോടതിയും ആരോപണങ്ങൾ ഗൗരവമേറിയതെന്ന് വിലയിരുത്തിയിരുന്നു. ഈ ഗൗരവ സ്വഭാവം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ എസ് എഫ്‌ ഐ ഒ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നതതലത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. അഡീഷണൽ ഡയറക്ടർ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. കോർപ്പറേറ്റ്‌കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും ഈ സംഘത്തിൽ ഉൾപ്പെടും. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിനെ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായി നിശ്ചയിച്ചതായി ഉത്തരവിൽ അറിയിച്ചു. ഇപ്പോഴുള്ള അന്വേഷണോദ്യോഗസ്ഥരും സംഘത്തിലുണ്ട്. എട്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍.ഒ.സി. (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) യുടെ റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ആര്‍.ഒ.സി. ആവശ്യപ്പെട്ട രേഖകള്‍ എക്‌സാലോജിക്ക് സമര്‍പ്പിച്ചിരുന്നില്ല. കരാറിന്റെ വിശദാംശങ്ങളും ഹാജരാക്കിയില്ല. ജി.എസ്.ടി. അടച്ചുവെന്ന് മാത്രമാണ് എക്‌സാലോജിക് മറുപടി നല്‍കിയത്. ഇടപാട് വിവരം സി.എം.ആര്‍.എല്‍. മറച്ചുവെച്ചെന്നും റിലേറ്റഡ് പാര്‍ട്ടിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ഗുരുതരമായ പരാമർശങ്ങൾ ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ ഉണ്ട്. ഈ ആര്‍.ഒ.സി. റിപ്പോര്‍ട്ടാണ് വിഷയത്തില്‍ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇ ഡി അടക്കമുള്ള മറ്റ് ഏജൻസികൾക്ക് കേസിൽ ഇടപെടാനുള്ള വഴിതുറക്കും.

Related Articles

Latest Articles