സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. സ്വകാര്യ ആപ്പ് അധിഷ്ഠിത ടാക്സി കമ്പനികൾക്ക് ബദലായി സഹകരണ മാതൃകയിൽ പ്രവർത്തിക്കുന്ന ഭാരത് ടാക്സി സേവനം പൂനെയിൽ ആരംഭിച്ചു. ടാക്സി ഡ്രൈവർമാരെ വെറും തൊഴിലാളികളായല്ല, സ്ഥാപനത്തിന്റെ ഉടമകളും പങ്കാളികളുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കി. സ്വകാര്യ കമ്പനികൾ ഈടാക്കുന്ന കമ്മീഷൻ ഒഴിവാക്കി യാത്രക്കാരിൽനിന്ന് ലഭിക്കുന്ന മുഴുവൻ നിരക്കും സാരഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്ന രീതിയാണ് ഭാരത് ടാക്സിയിലുള്ളത്. മുംബൈയിലും പൂനെയിലും സേവനം ആരംഭിച്ചുകഴിഞ്ഞു. നാസിക്, കോലാപ്പൂർ, നാഗ്പൂർ, സോലാപൂർ എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. ഡ്രൈവർമാർക്ക് വരുമാനത്തിൽ കൂടുതൽ നിയന്ത്രണവും ഉടമസ്ഥാവകാശവും ഉറപ്പാക്കുന്ന സഹകരണ സംരംഭമായാണ് ഭാരത് ടാക്സിയെ കേന്ദ്രമന്ത്രി അവതരിപ്പിച്ചത്.
ഇതിനൊപ്പം പൂനെയിലെ താലേഗാവ് ദാഭാഡെയിൽ വർഷങ്ങളായി പ്രവർത്തനം നിലച്ച നാഷണൽ ഹെവി എൻജിനീയറിങ് കോഓപ്പറേറ്റീവ് ലിമിറ്റഡ് (NHEC) വ്യവസായശാലയുടെ പുനരുജ്ജീവനത്തിനും അമിത് ഷാ ഭൂമിപൂജ നടത്തി. ഏകദേശം 110 ഏക്കർ വിസ്തൃതിയിലുള്ള ഈ സ്ഥാപനം ഒരുകാലത്ത് ഇന്ത്യയിലും വിദേശത്തുമുള്ള പഞ്ചസാര ഫാക്ടറികൾക്ക് യന്ത്രസാമഗ്രികൾ വിതരണം ചെയ്തിരുന്നു. സാംബിയ, എത്യോപ്യ, വിയറ്റ്നാം തുടങ്ങി 11 രാജ്യങ്ങളിലേക്ക് ഇവിടെ നിർമിച്ച യന്ത്രങ്ങൾ കയറ്റുമതി ചെയ്തിരുന്നു. അമുൽ, എൻഡിഡിബി, എൻസിഡിസി, ഇഫ്കോ, ക്രിഭ്കോ തുടങ്ങിയ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്. പഞ്ചസാര മില്ലുകൾക്കുള്ള യന്ത്രങ്ങൾ, വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ, എത്തനോൾ-കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ, ക്ഷീരമേഖലയ്ക്കാവശ്യമായ ഉപകരണങ്ങൾ, കയറ്റുമതിക്കുള്ള കണ്ടെയ്നറുകൾ എന്നിവ ഇവിടെ നിർമിക്കാനാണ് പദ്ധതി. റെയിൽവേ, പ്രതിരോധം, വിമാനത്താവള മേഖലകൾക്കുള്ള കണ്ടെയ്നർ നിർമാണവും രണ്ടാംഘട്ടത്തിൽ പരിഗണനയിലുണ്ട്. 2027 ഡിസംബറിന് മുമ്പ് ഉൽപ്പാദനം പുനരാരംഭിക്കുമെന്ന് അമിത് ഷാ അറിയിച്ചു. സഹകരണ മേഖലയെ വ്യവസായ-ഉൽപ്പാദന രംഗത്തേക്ക് കൂടുതൽ ശക്തമായി കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന ദർശനത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ.

