കേരളത്തിലെ ആദ്യ ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാമാനിക്കുന്ന് ക്ഷേത്ര ദർശനത്തിനു ശേഷമാണ് വാടിക്കൽ രാമകൃഷ്ണന്റെ വീട്ടിൽ സുരേഷ് ഗോപി എത്തിയത്. വീട്ടിലെത്തിയ സുരേഷ് ഗോപിയെ ആരതി ഉഴിഞ്ഞു കുടുംബം വരവേറ്റു. വളരെ നേരം കുടുംബങ്ങളോടൊപ്പം ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപി അവിടെ നിന്നും മടങ്ങിയത്.
ബിജെപി ദേശീയ നിർവാഹ സമിതി അംഗ പി.കെ. കൃഷ്ണദാസ് , സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ.സുരേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലേക്ക് മടങ്ങും.
ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന രാമകൃഷ്ണൻ 1969 ഏപ്രിൽ 21-നാണ് രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ടത്. തയ്യല്‍പണി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് അരിയും സാധനങ്ങളുമായി നടന്നു പോകുകയായിരുന്ന രാമകൃഷ്ണനെ ഇരുട്ടിന്റെ മറവിലായിരുന്നു ആക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായിരുന്ന പിണറായി വിജയനെ തെളിവിന്റെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്. വർഷങ്ങൾക്കിപ്പുറം വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ പ്രതിയായിരുന്ന ഒരാൾ സംസ്ഥാനം ഭരിക്കുമ്പോഴാണ് ബിജെപിയുടെ വിജയം സുരേഷ് ഗോപിയിലൂടെ സാധ്യമായിരിക്കുന്നത്.

