Monday, May 20, 2024
spot_img

“ഗുരുദേവനെ ആരും ചുവപ്പ് ഉടുപ്പിക്കാൻ വരേണ്ട! ” ഹൈന്ദവ സന്യാസി വിശേഷണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും

കോട്ടയം∙ ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ ശ്രീനാരായണ ഗുരുവിനെ ഹൈന്ദവ സന്യാസിയെന്ന് വിശേഷിപ്പിച്ചതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്ത് വന്നു. പുതുപ്പള്ളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം. ‘സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബിജെപി കേരളത്തിന്റെ പ്രണാമം’ എന്നാണ് ബിജെപി ഫെയ്സ്ബുക്കിൽ കുറിച്ചത്.

‘ഗുരുദേവൻ ഹിന്ദു സന്യാസിയാണെന്ന് പറയുന്നതിൽ ആർക്കാണ് തർക്കമുള്ളത്. അദ്ദേഹം പിന്നെ മതേതര സന്യാസിയാണോ. സന്യാസമെന്നു പറയുന്നത് ഭാരതത്തിന്റെ പരമ്പരാഗതമായിട്ടുള്ള ആചാരത്തിന്റെ ഭാഗമാണ്. അതിൽ തർക്കമൊന്നുമില്ല. സിപിഎം സന്യാസിയാണോ ഗുരുദേവൻ? ഗുരുദേവനെ കേവലം സാമൂഹിക പരിഷ്കർത്താവായിട്ട് മാത്രം ഒതുക്കാനുള്ള നീക്കം കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ കമ്യൂണിസ്റ്റുകാർ നടത്തിയിരുന്നു. പക്ഷേ ഗുരുദേവൻ വിനായകാഷ്ടകം എഴുതി, ഗുരുദേവൻ കീർത്തനങ്ങൾ എഴുതി, ഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠ നടത്തി. അതാണ് ഗുരുദേവൻ. ഗുരുദേവനെ ആര് കാവിയുടുപ്പിച്ചെന്നാണ്? ഗുരുദേവനെ ആരും ഒന്നും ഉടുപ്പിക്കേണ്ട്, ചുവപ്പും ഉടുപ്പിക്കേണ്ട. ഗുരുദേവൻ അദ്ദേഹത്തിന്റേതായ രൂപത്തിൽ എക്കാലത്തും ഈ ലോകത്തെ ജനങ്ങളുടെ മുന്നിലുണ്ടാകും.’– വി.മുരളീധരൻ പറഞ്ഞു.

‘ഗുരുദേവൻ സന്യാസിയാണ്. അദ്ദേഹം ഹിന്ദുമത ആചാര്യനാണ്. അദ്ദേഹം സാമൂഹിക പരിഷ്കർത്താവാണ്. ഗുരുദേവനോളം പണ്ഡിതനായ ഒരു സന്യാസിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഗുരുദേവനെ ആരും ചുവപ്പ് ഉടുപ്പിക്കാൻ വരേണ്ട’– കെ. സുരേന്ദ്രൻ പ്രതികരിച്ചു.

Related Articles

Latest Articles