Sunday, June 16, 2024
spot_img

കെ.കെ. രാഗേഷിനെ മാറ്റി നിർത്തി അന്വേഷണം പ്രഖ്യാപിക്കണം: വി.മുരളീധരൻ

ന്യൂ‍ഡൽഹി: കണ്ണൂരിൽ ചരിത്ര കോൺഗ്രസ് വേദിയിൽ അപായപ്പെടുത്താൻ നീക്കം നടന്നെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ ആരോപണവിധേയനായ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി കെ.കെ.രാഗേഷിനെ സംരക്ഷിക്കാൻ ഇടപെടുകയാണ്. അന്വേഷണം പ്രഖ്യാപിക്കുന്നില്ലെങ്കിൽ കണ്ണൂരിൽ നടന്നത് മുഖ്യമന്ത്രിയുടെ മൌനാനുവാദത്തോടെ എന്ന് പറയേണ്ടി വരും. വരുതിയിൽ വന്നില്ലെങ്കിൽ വകവരുത്തുമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും വി.മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.

അഴിമതിയെ ചോദ്യം ചെയ്യുമ്പോൾ ഗവർണറെ അധിക്ഷേപിച്ചും വളഞ്ഞിട്ട് ആക്രമിച്ചും സിപിഎം മുന്നോട്ടുവരുകയാണ്. ഓണാഘോഷപരിപാടിയിൽനിന്നു ഗവർണറെ ഒഴിവാക്കുന്നതുവരെ കണ്ടു. ഗവർണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസ് ക്രിമിനലുകളുടെ താവളമാണ്. കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവർ ഓഫിസിലിരിക്കുമ്പോൾ നിഷ്പക്ഷ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. മുദ്രാവാക്യ പ്രതിഷേധം മാത്രമാണു നടന്നതെന്നു സ്ഥാപിക്കുന്നത് ആർക്കുവേണ്ടിയാണെന്നും മന്ത്രി ചോദിച്ചു. ഗവർണറുടെ വെളിപ്പെടുത്തലിനു മുൻപേ പൊലീസ് കേസെടുക്കണമായിരുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.

നിയമവാഴ്ച ഉറപ്പാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണണം. ജനഹിതം അറിഞ്ഞ് ഗവർണർ അഴിമതിക്കെതിരായി നിലകൊള്ളുമ്പോൾ സിപിഎം വിറളിപിടിച്ച് പെരുമാറുകയാണ്. ആർഎസ്എസ് നേതാക്കളെ ഗവർണർ കാണുന്നതിൽ അസ്വാഭാവികതയില്ല. ആർഎസ്എസ് നിരോധിത സംഘടനയല്ല. മാധ്യമപ്രവർത്തകർ സിപിഎമ്മിന്‍റെ വക്കാലത്ത് ഏറ്റെടുക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Articles

Latest Articles