പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളത്തിലെ ഏറ്റവും സംസ്‌കാരമില്ലാത്തയാളാണ് സാംസ്‌കാരിക മന്ത്രിയെന്ന് സ്വയം തെളിയിച്ചിരിക്കുകയാണെന്ന് തുറന്നടിച്ച വി . മുരളീധരൻ ഇത്തരത്തിലുള്ള ഒരാളെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതുനയത്തിന്റെ ഭാഗമാണെന്നും വിമർശിച്ചു.
“ഏറ്റവും വലിയ ഗുണ്ടകളെയാണ് മന്ത്രിസഭയിലേക്കെടുക്കുന്നതിനുള്ള യോഗ്യതയായി കണക്കാക്കുന്നത്. കൂടുതല്‍ ഗുണ്ടായിസം കാട്ടുന്നതുംമറ്റുള്ളവരെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നതാണ് മന്ത്രിസഭാംഗമാകാനുള്ള യോഗ്യത” – വി.മുരളീധരന്റെ പരിഹാസം ഇങ്ങനെയായിരുന്നു.
ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം.

