തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ.സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയാണെന്ന് വി .മുരളീധരൻ കുറ്റപ്പെടുത്തി. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ലെന്നും സിപിഎം നേതാവ് ലഹരി കടത്തിൽ കുടുങ്ങിയ ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചത് മാദ്ധ്യമ ശ്രദ്ധ തിരിക്കാനാണെന്നും പിണറായിയുടേത് പകപോക്കൽ രാഷ്ട്രീയമാണെന്നും സിപിഎമ്മിൻ്റെ ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ കേരള സമൂഹത്തിന് മുന്നിൽ വിലപോവില്ലെന്നും മുരളീധരൻ തുറന്നടിച്ചു.
കെ.സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായി തുടരുമെന്ന വാർത്തയും സംസ്ഥാനത്തെ ബിജെപിയുടെ ശക്തമായ പ്രവർത്തനവുമാണ് പിണറായി വിജയനെ വിറളി പിടിപ്പിക്കുന്നതെന്നും അതുകൊണ്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കള്ള കുറ്റപത്രം സമർപ്പിച്ചതെന്നും ലാവ്ലിന്‍ കേസിൽ കുറ്റാരോപിതനായ പിണറായി വിജയൻ സുരേന്ദ്രനെതിരെ കള്ളക്കേസെടുത്ത് വിരോധം തീർക്കുകയാണെന്നും ബി ജെ പി നേതൃത്വം വ്യക്തമാക്കി.

