Monday, May 20, 2024
spot_img

വീണ്ടും വിവാദത്തിലായി സാങ്കേതിക സർവകലാശാല; മൂല്യനിർണയത്തിൽ വൻവീഴ്ച വരുത്തി; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്‌ നിവേദനം നൽകി ‘സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ’

തിരുവനന്തപുരം: വീണ്ടും വിവാദത്തിലകപെട്ട് സാങ്കേതിക സർവകലാശാല. സർവകലാശാലയിലെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ വൻവീഴ്ച സംഭവിച്ചു എന്ന ആരോപണത്തിലാണ് വിവാദത്തിലായിരിക്കുന്നത്.

മൂല്യനിർണായത്തിന് പരിചയസമ്പന്നരല്ലാത്ത അധ്യാപകരെ നിയോഗിക്കുന്നതുമൂലം സമർത്ഥരായ വിദ്യാർത്ഥികൾ പോലും എഞ്ചിനീയറിംഗ് പരീക്ഷകളിൽ പരാജയപ്പെടുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിലെ അധ്യാപകരെ യോഗ്യത പോലും പരിശോധിക്കാതെയാണ് സാങ്കേതിക സർവകലാശാലയിൽ മൂല്യനിർണയത്തിന് നിയമിക്കുന്നത് എന്നും ഇത്തരത്തിൽ മൂല്യനിർണ്ണയം നടക്കുന്നതിനാൽ നിരവധി വിദ്യാർത്ഥികളാണ് പരീക്ഷയിൽ പരാജയപ്പെടുന്നത് എന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറയുന്നു.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ബി ടെക് ഏഴാം സെമസ്റ്റർ പരീക്ഷയിൽ ‘സ്ട്രക്ചറൽ അനാലിസിസ് ‘പേപ്പറിന് മാത്രമായി തോൽവി സംഭവിച്ച രണ്ടു വിദ്യാർത്ഥിനികൾക്ക് വിജയിക്കാനായത് ലോകയുക്തയുടെ ഇടപെടലിലൂടെയാണ്.

മാത്രമല്ല സർവ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെങ്കിലും ഉത്തരകടലാസ് റിവ്യൂ ചെയ്യുന്നതിന് 5000 രൂപ വീതം ഫീസിനത്തിൽ വിദ്യാർത്ഥിനികളിൽ നിന്നും സർവകലാശാല ഈടാക്കിയിരുന്നു. ഗുരുതര വീഴ്ചകൾ മറച്ച് വക്കാൻ സർവകലാശാല ശ്രമിക്കുന്നതായാണ് ആരോപണം.

അതേസമയം ഐടി കമ്പനികളിലുൾപ്പെടെ പ്ലേസ്മെന്റ് ലഭിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക്‌ മൂല്യനിർണയങ്ങളിലെ അപാകതകൾ മൂലം തൊഴിൽ വരെ നഷ്ടപ്പെടുകയാണ്.

മൂല്യനിർണയത്തിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെയോ സർവകലാശാല ഉദ്യോഗസ്ഥർക്കെതിരെയോ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ഇത്തരക്കാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്‌ നിവേദനം നൽകിയിരിക്കുകയാണ്.

Related Articles

Latest Articles