ലഖ്‌നൗ: മുഖ്യമന്ത്രിയായി ഭരണത്തിലേറിയശേഷം ആദ്യമായി തന്റെ അമ്മയെ കണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തരാഖണ്ഡിലെ പഞ്ചൂരിലുള്ള വീട്ടിലെത്തിയാണ് യോഗി അമ്മയെ കണ്ടത്. അമ്മ സാവിത്രി ദേവിയെ കണ്ട യോഗി അമ്മയുടെ കാല്‍ തൊട്ട് വണങ്ങി അനുഗ്രഹം തേടി. അമ്മയെ കണ്ടുമുട്ടിയ ചിത്രം യോഗി ‘അമ്മ’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവെച്ചു.
ചൊവ്വാഴ്ച ഗ്രാമത്തിലെത്തിയ മുഖ്യമന്ത്രി, രാത്രി അവിടെ ചെലവഴിക്കുകയും ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. രാഷ്ട്രീയ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഉത്തരാഖണ്ഡില്‍ എത്തിയത്. രാഷ്ട്രീയ പരിപാടികള്‍ക്കായി മുന്‍പും യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡില്‍ എത്തിയിരുന്നുവെങ്കിലും അന്നൊന്നും പഞ്ചൂരിലെത്തിയിരുന്നില്ല. 2020 ഏപ്രിലില്‍ ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിസ്തയുടെ സംസ്‌കാര ചടങ്ങിലും യോഗി പങ്കെടുത്തിരുന്നില്ല.

