ലഖ്നൗ: ഉത്തർപ്രദേശിൽ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് (Voting) ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ 623 സ്ഥാനാർത്ഥികള്‍ വിധി തേടുമ്പോള്‍ രണ്ട് കോടി 27ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. പടിഞ്ഞാറൻ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഗാസിയാബാദ്, ഗൗതംബുദ്ധ് നഗർ, ഭാഗ്പത്, മീററ്റ്, ഹാപുർ, ബുലന്ദ്ശഹർ, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, മുസഫർനഗർ എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ്.
2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 58 സീറ്റിൽ 53ഉം ബിജെപി നേടി. രണ്ടു സീറ്റിൽവീതം എസ്‌പിയും ബിഎസ്‌പിയും ഒരു സീറ്റിൽ ആർഎൽഡിയും ജയിച്ചു. ബിജെപിയും സമാജ്‌വാദി പാർട്ടി–ആർഎൽഡി സഖ്യവും തമ്മിലാണ് മുഖ്യമത്സരം. 7 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടം 14ന് നടക്കും. മാർച്ച് 10നാണ് ഫലപ്രഖ്യാപനം.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പടുക്കുന്ന ഉത്തർപ്രദേശിൽ സുരക്ഷക്കായി സൈന്യത്തെ വിന്യസിച്ചു. വിവിധ അർധസൈനിക വിഭാഗങ്ങളിലെ 412 കമ്പനികളായി 50,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത് മൊത്തം നിയമസഭാ മണ്ഡലത്തിൽ 21,000 സൈനികരുടെ സാന്നിധ്യമുണ്ട്.

