Monday, December 29, 2025

ആരാധനാപാത്രമായ റോജര്‍ ഫെഡററെ അമ്പരപ്പിച്ച് ഇന്ത്യന്‍ കൗമാര താരം

ന്യൂയോര്‍ക്ക്- യു എസ് ഓപ്പണ്‍ ടെന്നീസില്‍ കളിക്കാനെത്തിയ സാക്ഷാല്‍ റോജര്‍ ഫെഡററെ അമ്പരപ്പിക്കുകയായിരുന്നു ഇന്ത്യന്‍ കൗമാര താരം സുമിത് നാഗല്‍.പുരുഷസിംഗിള്‍സിലെ ആദ്യ റൗണ്ട് പോരാട്ടത്തിലായിരുന്നു സുമിതിന്‍റെ മാസ്മരിക പ്രകടനം. ആദ്യ സെറ്റ് 6-4ന് സുമിത് നഗാല്‍ നേടിയപ്പോള്‍ ഫെഡറര്‍ ആരാധകരും ഞെട്ടിത്തരിച്ചു.ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ഫെഡറര്‍ക്കെതിരെയായിരുന്നു 190ആം സ്ഥാനത്തുള്ള സുമിത് നാഗലിന്‍റെ പ്രകടനം. പരിചയസന്പത്ത് മുതലെടുത്ത് സ്വതസിദ്ധമായ പ്രകടനത്തിലൂടെ ഫെഡറര്‍ പിന്നീടുള്ള സെറ്റുകളെല്ലാം വിജയിച്ച് മത്സരം സ്വന്തമാക്കി.

സ്കോര്‍- 4-6 6-1 6-2 6-4. സുമിതിന്‍റെ പ്രകടനത്തെ മത്സരശേഷം ഫെഡറര്‍ അനുമോദിച്ചു. ബ്രസീലിന്‍റെ ജോ മെന്‍സെസിനെ തോല്‍പ്പിച്ചാണ് ഈ ഇന്ത്യന്‍ കൗമാര താരം യു എസ് ഓപ്പണിന് യോഗ്യത നേടിയത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഗ്രാന്‍സ്ലാം സിംഗിള്‍സ് മത്സരത്തിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം കൂടിയായിരുന്നു 22കാരനായ സുമിത് നാഗല്‍. ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരനും ടൂര്‍ണമെന്‍റിലേക്ക് യോഗ്യത നേടിയിയിരുന്നു.1998-ലെ വിംബിള്‍ഡണിന് ശേഷം ആദ്യമായാണ് ഗ്രാന്‍സ്ലാമിലെ സിംഗിള്‍സ് മത്സരത്തില്‍ രണ്ടു ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത്.

അന്ന് മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പേസുമായിരുന്നു കളിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് മത്സരത്തിന് യോഗ്യത നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം കൂടിയായിരുന്നു സുമിത്. സോംദേവ് വര്‍മന്‍, യൂക്കി ഭാംബ്രി, സാകേത് മെയ്‌നേനി, പ്രജ്‌നേഷ് ഗുണേശ്വരന്‍ എന്നിവര്‍ നേരത്തെ യോഗ്യത നേടിയിരുന്നു.വിംബിൾഡണിൽ ആൺകുട്ടികളുടെ ഡബിൾസിൽ ചാമ്പ്യനായിരുന്നു സുമിത് നാഗല്‍.വിയറ്റ്‌നാമിന്റെ നാം ഹോങ് ആയിരുന്നു അന്ന് പങ്കാളി.

Related Articles

Latest Articles