Wednesday, January 7, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ !കൂടിക്കാഴ്ച നടന്നത് ഹൈദരാബാദ് ഹൗസിൽ

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായികൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ദില്ലിയിലെ മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലാണ് ബൈഡന്‍ താമസിക്കുക. ബൈഡന് പുറമെ യു.കെ പ്രധാനമന്ത്രി ഋഷി സുനാക് അടക്കമുള്ള നിരവധി നേതാക്കള്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ദില്ലിയിലെ ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നാളെ ആരംഭിക്കുന്ന ജി 20 ഉച്ചകോടി പത്താം തീയതി സമാപിക്കും.

ബൈഡനുമായി എയര്‍ഫോഴ്‌സ് വണ്‍ വിമാനം രാത്രി ഏഴുമണിയോടെയാണ് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേന്ദ്രസഹമന്ത്രി ജനറല്‍ വി.കെ സിങ് അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തി. അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശനം നടത്തുന്നത്.

നാളെ വിശിഷ്ടാതിഥികള്‍ക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും.ഞായറാഴ്ച രാവിലെ ജി-20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദര്‍ശിക്കും.

Related Articles

Latest Articles