Thursday, December 18, 2025

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

വാഷിംഗ്‌ടൺ: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകളിലും കമല ഒപ്പുവച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനം സാമൂഹിക മാദ്ധ്യമമായ എക്‌സിലൂടെയാണ് കമല ഹാരിസ് പങ്കുവച്ചത്. ഓരോ വോട്ടും നേടാൻ കഠിനാധ്വാനം ചെയ്യുമെന്നും നവംബറിൽ തന്റെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർത്ഥിയാകുന്നതിനെതിരെ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമായിരുന്നു. ഇതിന് പിന്നാലെ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനം ബൈഡൻ നടത്തുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് കമല ഹാരിസിന്റെ പേര് ബൈഡൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും മിഷേൽ ഒബാമയും കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസിന്റെ വിജയമുറപ്പാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles