Wednesday, January 14, 2026

ഉത്രയെ കൊന്നത് സൂരജ് തന്നെ; വിചാരണ ഇന്ന് മുതൽ

കൊല്ലം: ഉത്രയെ വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസിന്‍റെ വിചാരണയുടെ പ്രാരംഭ നടപടികള്‍ ഇന്ന് ആരംഭിക്കും. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ സൂരജ് മാത്രമാണ് പ്രതി. പാമ്പിനെ ഉപയോഗിച്ച് കൊലനടത്തുന്നതിനായി സൂരജ് വിഷപാമ്പുകളെ കുറിച്ച് പഠനം വരെ നടത്തിയിരുന്നു. ചിറക്കര സ്വദേശിയും പാമ്പുപിടുത്തകാരനുമായ സുരേഷിന്‍റെ കയ്യില്‍ നിന്നാണ് പാമ്പുകളെ സൂരജ് വാങ്ങിച്ചത്. ആദ്യ തവണ, ഏപ്രില്‍ രണ്ടിന് അടൂരിലെ വീട്ടില്‍ വച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു. പക്ഷെ അന്ന് ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്ന് ചികിത്സയിലായിരിക്കുമ്പോള്‍ മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്‍പിക്ക് പരാതി നല്‍കുകയായിരുന്നു. അഞ്ചല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24ന് സൂരജിനെ അറസ്റ്റ് ചെയ്തു. തെളിവ് സംഘടിപ്പിക്കുന്നതിന് വേണ്ടി വിദഗ്ദ സമിതിയെ നിയോഗിച്ചു. വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന്‍റെ കുറ്റപത്രം കഴിഞ്ഞ ഓഗസ്റ്റ് 14ന് സമര്‍പ്പിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേജുള്ള കുറ്റ പത്രത്തില്‍ 217 സാക്ഷികളാണുളളത്. പാമ്പ് പിടിത്തക്കാരന്‍ സുരേഷ് കേസില്‍ മാപ്പ് സാക്ഷി ആയി.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ആദ്യകേസില്‍ സൂരജ് മാത്രമാണ് പ്രതി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൂരജിന് എതിരെയുള്ളത്.

Related Articles

Latest Articles