നോയിഡ: തിരഞ്ഞെടുപ്പില്‍ തെറ്റ് വരുത്തിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി (Yogi Adityanath) യോഗി ആദിത്യനാഥ്. വോട്ടെടുപ്പിന് മുന്നോടിയായി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് യോഗി ആദിത്യനാഥിന്റെ വാക്കുകള്‍. ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്ത് പല അദ്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങള്‍ക്കു സംഭവിച്ചാല്‍ ഈ അഞ്ചു വര്‍ഷത്തെ പ്രയത്‌നവും വൃഥാവിലാകുമെന്നും യോഗി പറഞ്ഞു. ഒരു വലിയ തീരുമാനത്തിനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തു. നിങ്ങള്‍ എല്ലാം കാണുകയും എല്ലാം വിശദമായി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യോഗി കൂട്ടിച്ചേർത്തു.
2019 മാര്‍ച്ച് 19 നാണ് ഉത്തര്‍പ്രദേശിന്റെ 22ാമത് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റത്. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണവും കാശിവിശ്വനാഥ ധാമും വാരാണസിയില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളും യോഗിയുടെ വികസനത്തിന്റെ നേര്‍കാഴ്ചകളായി മാറുന്നു.

