Tuesday, May 21, 2024
spot_img

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമദിനം മണ്മറഞ്ഞിട്ട് 12 വർഷം

മലയാള ചലച്ചിത്ര ഗാനശാഖയിൽ വേറിട്ട ചിന്തകളും വാക്കുകളുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി എന്ന കവിയുടേത്. ‘അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഓർമ്മയായിട്ട് ഇന്ന് 12 ആണ്ടുകൾ പൂർത്തിയാകുന്നു. അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ച കാവ്യസുഗന്ധം ഇന്നും മലയാളികളുടെ മനസ്സിൽ അനശ്വരമായി നിലനിൽക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയെ ഓർക്കുമ്പോൾ ഒട്ടേറെ ഗാനങ്ങൾ മനസ്സിലേക്കെത്തും. അതിലേത് ആദ്യമെന്നത് ഓരോരുത്തർക്കുമുള്ള അനുഭവങ്ങളെ വച്ചേ പറയാൻ സാധിക്കൂ. സമ്മർ ഇൻ ബത്‍ലഹേമിലെ എത്രയോ ജന്മമായി, ആറാം തമ്പുരാനിലെ ഹരിമുരളീരവം, രണ്ടാംഭാവത്തിലെ മറന്നിട്ടുമെന്തിനോ , ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ, നന്ദനത്തിലെ കാർമുകിൽ വർണന്റെ ചുണ്ടിൽ എന്നിങ്ങനെ നിരവധി ഗാനങ്ങളിലൂടെ കവി ഇന്നും ജനപ്രിയനാണ്. മലയാള സിനിമാഗാനശാഖയെ പുഴപോലെ ശക്തമായി ഒഴുകാൻ സഹായിച്ച എത്രയോ ഗാനരചയിതാക്കൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരെക്കാളേറെ ഇപ്പോഴുള്ളവർ പു‍ത്തഞ്ചേരിയെ ഓർക്കാൻ കാരണമെന്തായിരിക്കാം. അദ്ദേഹം എഴുതിയ ഗാനങ്ങൾ അത്രയ്ക്കു ശക്തമായിട്ടല്ലേ നമ്മുടെയൊക്കെ മനസ്സിൽ പതിഞ്ഞിരിക്കുക.

ഒന്നും ഗഹനമായിരുന്നില്ല പുത്തഞ്ചേരി കവിതകളിൽ. വളരെ ലളിതമായ എഴുത്ത് ശൈലി. ഏതൊരു കുട്ടിക്കും മനസ്സിലാക്കാവുന്ന വരികൾ. അവയ്ക്ക് അനുഗൃഹീതരായ സംഗീത സംവിധായകർ നല്ല നല്ല ഈണങ്ങൾ നൽകി. രവീന്ദ്രൻ മാഷും വിദ്യാസാഗറും എം.എം. ജയചന്ദ്രനുമൊക്കെ പുത്തഞ്ചേരിയെ അനശ്വരനാക്കി നിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചവരാണ്. ഏകദേശം 2500 ഗാനങ്ങളാണ് പുത്തഞ്ചേരി മലയാളിക്കു സമ്മാനിച്ചത്. ഇനിയുമേറെ എഴുതാനുണ്ടായിരുന്നു ആ കവിക്ക്. പക്ഷേ, കാലം ചിലതെല്ലാം പെട്ടെന്ന് കൊണ്ടുപോകുമെന്നല്ലേ. ഗാനങ്ങൾക്കു പുറമേ മലയാളി ഇഷ്ടപ്പെട്ട കുറച്ചു സിനിമകൾക്കു കഥയും അദ്ദേഹം എഴുതി. മേലേപ്പറമ്പിൽ ആൺവീട്, കിന്നരിപ്പുഴയോരം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം കഥയെഴുതിയത്. വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, ബ്രഹ്‌മരക്ഷസ് എന്നിവയ്ക്കു തിരക്കഥയുമെഴുതി. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടന്ന കവിയായിരുന്നു ഗിരീഷ്. അദ്ദേഹം സ്വന്തമായി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വടക്കുംനാഥൻ. എന്നാൽ അത് സംവിധാനം ചെയ്യാനുള്ള ഭാഗ്യമുണ്ടായത് ഷാജൂൺ കാര്യാലിനായിരുന്നു. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് പലതവണ പുത്തഞ്ചേരി സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ആ മോഹം സഫലമാകുന്നതിനു മുൻപേ അദ്ദേഹം പേന താഴെ വച്ചു.

പക്ഷേ, പുത്തഞ്ചേരിയുടെ ഒരു ഗാനമെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിവസം പൂർത്തിയാക്കാൻ കഴിയില്ല എന്നതാണ് സത്യം. അതുല്യമായ പ്രതിഭക്കുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2004 ൽ കഥാവശേഷൻ 2003 ൽ ഗൗരീ ശങ്കരം 2002 ൽ നന്ദനം 2001 ൽ രാവണ പ്രഭു 1999 ൽ പുനരധിവാസം 1997 ൽ കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത് 1995 ൽ അഗ്നിദേവൻഎന്നീ ചിത്രങ്ങൾക്ക് മികച്ച ഗാന രചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, 2008 ൽ മാടമ്പി 2006 ൽ വടക്കുംനാഥൻ 2004 ൽ മാമ്പഴക്കാലം എന്നീ ചിത്രങ്ങൾക്ക് ഏഷ്യാനെറ്റ് പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. സൂര്യകിരീടമോ ഹരിമുരളീരവമോ പിന്നെയും പിന്നെയുമോ പാടാത്തൊരാൾ മലയാളിയാണെന്നു പറയാനാവില്ല. കവിയുടെ ഓർമ്മകളാൽ സഹൃദയർ ഓരോ ഫെബ്രുവരി 10 നും അദ്ദേഹം ‘അമ്മ മലയാളത്തിന് നൽകിയ സംഭാവനകൾ ഓർക്കുന്നു

Related Articles

Latest Articles