Monday, June 17, 2024
spot_img

‘ഇത് പുതിയ ഇന്ത്യ : അസദിന് സംഭവിച്ചത് കുറ്റവാളികൾക്കുള്ള സന്ദേശം’ പ്രതികരണവുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

ലക്നൗ : ജയിലിലായ മുൻ എംപിയും ഗുണ്ടാത്തലവനുമായ ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദിനെ ഏറ്റുമുട്ടലിൽ വധിച്ചതിൽ സംസ്ഥാന‌ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ അഭിനന്ദിച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്ത് വന്നു. കുറ്റവാളികൾക്കുള്ള വ്യക്തമായ സന്ദേശമാണ് ഇന്നത്തെ സംഭവമെന്ന് അദ്ദേഹം പറഞ്ഞു.

‘‘യുപി എസ്ടിഎഫ് സംഘത്തെ അഭിനന്ദിക്കുകയാണ്. അസദും അദ്ദേഹത്തിന്റെ സഹായി ഗുലാമും പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് അസദ് കൊല്ലപ്പെട്ടത്. ഇത് പുതിയ ഇന്ത്യയാണെന്ന കുറ്റവാളികൾക്കുള്ള സന്ദേശമാണ്. ഉത്തർപ്രദേശ് ഭരിക്കുന്നത് യോഗി സർക്കാരാണ്, കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്ന സമാജ്‌വാദി പാർട്ടി സർക്കാരല്ല. അഭിഭാഷകൻ ഉമേഷ് പാലിന്റെയും പൊലീസ് ഉദ്യോഗസ്ഥന്റെയും കൊലയാളികളുടെ വിധി ഇതായിരുന്നു’’–അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവർ ഉമേഷ് പാൽ കേസിൽ പൊലീസിന്റെ ‘വാണ്ടഡ്’ പട്ടികയിൽപ്പെട്ടവരാണ്. രണ്ട് പേരുടെയും തലയ്ക്കു 5 ലക്ഷം രൂപ വീതം വിലയിട്ടിരുന്നു. അസദിൽ നിന്ന് വിദേശ നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി . 2006ൽ ഉമേഷ് പാൽ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

Related Articles

Latest Articles