സൂറത്ത്: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ച സൂറത്ത് ജില്ലാക്കോടതി വിധി സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട അപേക്ഷയിൽ സൂറത്ത് സെഷൻസ് കോടതി ഏപ്രിൽ 20 ന് വിധിപറയും. ഇന്ന് അപേക്ഷയിന്മേൽ കോടതി വിശദമായ വാദം കേട്ടു. വിവാദ പ്രസ്താവനയിലൂടെ താൻ ഉദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമാണെന്നും സമുദായത്തിന് വിഷമം ഉണ്ടാക്കുക തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നും രാഹുൽഗാന്ധി ഇന്ന് കോടതിയിൽ വിശദീകരിച്ചു. വിധികാരണം പാർലമെന്റ് അംഗത്വം വരെ നഷ്ടമായെന്നും വിധി അപ്പീലിന്മേൽ തീരുമാനം ആകുന്നതുവരെ സസ്‌പെൻഡ് ചെയ്യണമെന്നുമായിരുന്നു രാഹുലിന്റെ വാദം. എന്നാൽ ചെയ്‌ത തെറ്റ് ബോധ്യപ്പെടാതെ അഹങ്കരിക്കുന്ന ആളാണ് രാഹുൽഗാന്ധിയെന്നും സമാനമായ കുറ്റകൃത്യങ്ങൾ രാഹുൽ നിരവധിതവണ ചെയ്തുകഴിഞ്ഞതായും അതുകൊണ്ടുതന്നെ നിയമത്തിന്റെ ഒരാനുകൂല്യവും രാഹുൽ അർഹിക്കുന്നില്ലെന്ന് എതിർഭാഗവും വാദിച്ചു. തുടർന്നാണ് കേസ് വിധിപറയാൻ ഈ മാസം 20 ലേയ്ക്ക് മാറ്റിയത്.
കർണാടകയിലെ കോലാറിൽ രാഹുൽഗാന്ധിയുടെ വിവാദ ‘മോദി’ പരാമർശമാണ് കേസിനാസ്പദമായ സംഭവം. ഇതേ സംഭവത്തിൽ ബിഹാർ ബിജെപി നേതാവ് സുശീൽ മോദിയും മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസിൽ നേരിട്ട് ഹാജരാകാൻ കോടതി രാഹുലിന് ഉത്തരവ് നൽകിയിരുന്നു. അതേസമയം രാഹുൽ ഗാന്ധി ഇതേ കേസ്സുകളിൽ ഒന്നിലധികം തവണ പ്രതിയായിട്ടുണ്ട്. ആർ എസ് എസിനെതിരെ വസ്തുതാവിരുദ്ധ പരാമർശം നടത്തിയതിന് നേരത്തെ രാഹുൽ കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു. സ്വാതന്ത്ര്യസമരസേനാനി സവർക്കറെ അപമാനിച്ച് നടത്തിയ പ്രസ്താവനയിൽ സവർക്കറുടെ കുടുംബവും രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ്.

