ഉത്തരകാശി: തുരംഗനിർമ്മാണത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിപ്പോയ 41 തൊഴിലാളികൾക്ക് വേണ്ടിയുള്ള രക്ഷാദൗത്യം ഊർജ്ജിതമായി പുരോഗമിക്കുന്നു. മുകളിൽ നിന്ന് താഴേയ്ക്ക് തുരംഗം നിർമ്മിച്ച് തൊഴിലാളികളെ രക്ഷപെടുത്താനാണ് നീക്കം. അതിനാവശ്യമായ അത്യാധുനിക ഉപകരണങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളെത്തി. തുരംഗനിർമ്മാണം ആരംഭിക്കുന്നതിന് മുന്നേ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ജോലികൾ പുരോഗമിക്കുന്നു. പുതുതായി നിർമിച്ച പൈപ്പ് ലൈനിലൂടെ തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ച് തുടങ്ങി. കുടുങ്ങിക്കിടക്കുന്നവർക്കായി മൊബൈലുകളും ചാർജറുകളും വൈഫൈ കണക്ഷനും എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
അതേസമയം തുരങ്ക വിദഗ്ധരുടെ അന്താരാഷ്ട്ര സംഘം സ്ഥലത്തെത്തി. ഇന്റര്‍നാഷണല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്സും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ഇനി ഒട്ടും വൈകരുതെന്ന നിലപാടിലാണ് അധികൃതര്‍. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) ചാര്‍ ധാം റൂട്ടിലെ സില്‍ക്യാര തുരങ്കത്തിന്റെ ബാര്‍കോട്ട് അറ്റത്ത് ലംബ ഡ്രില്ലിംഗ് ചുമതല ഏറ്റെടുത്തിരുന്നു. അതിന്റെ ഒരു ഭാഗം നവംബര്‍ 12 ന് ആണ് തകര്‍ന്നത്. ഒഎന്‍ജിസി ഡ്രില്ലിംഗ് മേധാവി തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കുകയും അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഎന്‍ജിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) നവംബര്‍ 22-ന് റോഡിന്റെ അലൈന്‍മെന്റ് അന്തിമമാക്കും.
നേരത്തെ സമാന്തരമായി പൈപ്പ് സ്ഥാപിച്ച് തൊഴിലാളികളെ പുറത്തിറക്കാൻ ശ്രമിച്ചിരുന്നു. അമേരിക്കൻ നിർമ്മിത ഡ്രില്ലിങ് മെഷീൻ അവശിഷ്ടങ്ങൾക്കിടയിലെ ലോഹഭാഗത്ത് ഇടിക്കുകയും യന്ത്രം കേടാകുകയും ചെയ്തതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ലംബമായി തുരംഗം നിർമ്മിക്കാൻ രക്ഷാപ്രവർത്തകർ തീരുമാനിച്ചത് . അടുത്ത 48 മണിക്കൂറുകൾ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

