ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തരാഖണ്ഡ് മഹിളാ കോൺഗ്രസ് അധ്യക്ഷ ബിജെപിയിൽ ചേർന്നു (Uttarakhand Mahila Congress President Sarita Arya joins BJP). സംസ്‌ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സരിതാ ആര്യയാണ് കോൺഗ്രസ് വിട്ട് ബിജെപിയ്‌ക്കൊപ്പം ചേർന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ സാന്നിധ്യത്തിലായിരുന്നു സരിത ആര്യയുടെ ബിജെപി പ്രവേശനം. ബിജെപിയിലേക്ക് മുന്‍ നെനിറ്റാല്‍ എംഎല്‍എയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു.
വനിതകളേയും പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും ബഹുമാനിക്കാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം സരിതയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്ത് കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റാവത്തിനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സാഹചര്യമാണ് ആ സംസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഉത്തരാഖണ്ഡിലുമുള്ളത്.
ഇരുപാര്‍ട്ടികളും മാറിമാറി ഭരിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത് മുതല്‍ കണ്ടുവരുന്നത്. 2002ലെ ആദ്യ ഉത്തരാഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായ നാരായണ്‍ ദത്ത് തിവാരിയൊഴികെ മറ്റൊരു മുഖ്യമന്ത്രിയും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന പ്രത്യേകതയും ഉത്തരാഖണ്ഡിനുണ്ട്.

