Saturday, January 3, 2026

ഇനി കേദാര്‍നാഥിലേക്ക് കേവലം ഒരുമണിക്കൂർ: ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോപ്പ് വേ വരുന്നു

ഡെറാഢൂണ്‍: സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തില്‍ ലോകത്തില്‍ ഏറ്റവും നീളംം കൂടിയ റോപ്പ് വേ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. റോപ്പ് വേ നിര്‍മ്മിക്കുന്നത് പതിനൊന്നര കിലോമീറ്റര്‍ നീളത്തിലാണ്. ഇതേതുടർന്ന് കേദാര്‍നാഥ് ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്ക്‌ എത്താന്‍ എടുക്കുന്ന സമയം ഗണ്യമായി കുറയും.

സാധാരണ ഗൗരികുണ്ടില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ ദൂരമാണ് കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ളത്. ഒരുദിവസം മുഴുവന്‍ ഇതിനായി എടുക്കും. റോപ്പ് വേ വരുന്നതോടെ ഒരുമണിക്കൂര്‍ കൊണ്ട് സോനപ്രയാഗില്‍ നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലെത്താന്‍ കഴിയും.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ അഞ്ചിനു നടത്തിയ കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ റോപ്പ് വേകളുടെ പണി ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. കേദാര്‍നാഥ് റോപ്പ്‌വേയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ ഉടന്‍ നല്‍കുമെന്നും ഉത്തരാഖണ്ഡ് ടൂറിസം സെക്രട്ടറി ദിലീപ് ജവാല്‍ക്കര്‍ പറഞ്ഞു.

ഗൗരികുണ്ഡില്‍ നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് ഒരു റോപ്പ് വേ നിര്‍മ്മിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ പിന്നീട് സോന്‍പ്രയാഗിലേക്ക് മാറ്റുകയായിരുന്നുവെന്നും കേദാര്‍നാഥ് റോപ്പ് വേ പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് എസ് കെ ജെയിന്‍ പറഞ്ഞു.

Related Articles

Latest Articles