Monday, May 20, 2024
spot_img

പ്രവാചകനിന്ദ ആരോപണം: യോഗിയുടെ ഇരുമ്പ് മുഷ്ടി പ്രയോഗം വീണ്ടും, പ്രയാഗ് രാജ് കലാപത്തിലെ 59 കുറ്റവാളികൾക്ക് കുരുക്ക് ഉറപ്പ്, പ്രതികളുടെ ഫോട്ടോകള്‍ ഉള്ള പോസ്റ്റര്‍ പൊതുസ്ഥലങ്ങളില്‍ പതിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ പ്രവാചകനിന്ദ ആരോപിച്ച് കലാപം സൃഷ്ടിച്ചവരോട് ഇരുമ്പുമുഷ്ടിയില്‍ മറുപടി നൽകി യോഗി ആദിത്യനാഥ്. ബുധനാഴ്ച പ്രയാഗ് രാജില്‍ കലാപം നടത്തിയ 59 പുതിയ കുറ്റവാളികളുടെ കൂടി ഫോട്ടോകള്‍ ഉള്‍പ്പെടുത്തി പുതിയ പട്ടിക യോഗി സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കലാപം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അക്രമികളുടെ ഫോട്ടോകള്‍ ശേഖരിച്ചത്. കുറ്റവാളികളെ കണ്ടെത്തുന്നതിന് വേണ്ടി ഈ പോസ്റ്ററുകള്‍ പൊതു സ്ഥലങ്ങളില്‍ പതിപ്പിച്ചു. “കലാപത്തില്‍ കല്ലെറിയുകയും ഇഷ്ടികകൊണ്ട് എറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത വ്യക്തികളുടെ ഫോട്ടോഗ്രാഫുകളാണിവ. ഇവരെ പിടികൂടാന്‍ ഈ പോസ്റ്റര്‍ പൊലീസിന് സഹായകരമാവും”- സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് കുമാര്‍ വ്യക്തമാക്കി. ഇവരെ തിരിച്ചറിഞ്ഞ് ഉറപ്പാക്കിയശേഷം അറസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രയാഗ് രാജ് കലാപത്തില്‍ മുഖ്യ പ്രതിയെന്ന് ആരോപിക്കുന്ന ജാവേദ് അഹമ്മദിന്‍റെ ഇരുനില വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസമാണ് പൊളിച്ചു മാറ്റിയത്. ജാവേദ് അഹമ്മദിന്‍റെ ഉടമസ്ഥതയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടമാണെന്ന് കണ്ടെത്തിയ ശേഷമാണ് പൊളിച്ച് നീക്കിയത്. പൊളിക്കുന്നതിന് മുന്‍പ് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഒട്ടേറെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും കണ്ടെടുക്കുകയും ചെയ്‌തിരുന്നു.

Related Articles

Latest Articles