Friday, October 2, 2026

ലൈഫ് മിഷൻ അഴിമതി കേസ്; സംസ്ഥാനസര്‍ക്കാര്‍, അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സിബിഐ; യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ സിഇഒ യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും. ഡെപ്യൂട്ടി സിഇഒ ചീഫ് എഞ്ചിനീയർ എന്നിവരും ഹാജരാകാൻ സിബിഐ നിർദേശം നൽകി. അതേസമയം, കേസിൽ സിബിഐ ആവശ്യപ്പെട്ട അസൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയില്ല. സിബിഐക്ക് കൈമാറിയത് പകർപ്പുകൾ മാത്രമാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഹാജരാക്കിയ പകര്‍പ്പ് വെച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ഒറിജിനല്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. ഇവയെല്ലാം വിജിലന്‍സ് കൊണ്ടുപോയിരിക്കുകയാണെന്നാണ് യു.വി ജോസ് അറിയിച്ചത്. ഇതേതുടര്‍ന്നാണ് ഒറിജിനല്‍ ഫയലുകളുമായി വീണ്ടും ഹാജരാകണമെന്ന് സിബിഐ നിര്‍ദ്ദേശിച്ചത്.

വടക്കാഞ്ചേരി നഗരസഭയുടെ ഫയലുകള്‍ പരിശോധിച്ചതില്‍ നിന്ന് ഹാബിറ്റാറ്റിന്റെ പ്‌ളാന്‍ അനുസരിച്ചാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന് പെര്‍മിറ്റ് കിട്ടിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള കാര്യങ്ങളില്‍ നിന്നും ഹാബിറ്റാറ്റിനെ എന്തിന് ഒഴിവാക്കിയെന്ന കാര്യവും സിബിഐ പരിശോധിക്കുന്നുണ്ട്. അതിനാലാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒറിജിനല്‍ ഫയലുകള്‍ തന്നെ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് സിബിഐ വിലയിരുത്തല്‍. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലായെന്ന കാര്യം നാളെ വിഷയം പരിഗണിക്കവേ സിബിഐ ഹൈക്കോടതിയെ അറിയിച്ചേക്കും.

Related Articles

Latest Articles