Friday, January 9, 2026

വികെ ശ്രീകണ്ഠന്‍ എംപിക്ക് തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ; തീരുമാനം ജോസ് വള്ളൂരിന്റെ രാജിക്ക് പിന്നാലെ ; തൃശൂരിലെ തോൽവി പരിശോധിക്കാൻ മൂന്നംഗസമിതി

ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെ തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. താല്‍ക്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കെ . മുരളീധരനുണ്ടായ തോൽവിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് ജോസ് വള്ളൂർ ഇന്ന് ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. ഡിസിസിയിലെ ഭാരവാഹിയോഗത്തിലാണ് ജോസ് വളളൂർ രാജിവെച്ചതായി അറിയിച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്റും അറിയിച്ചിരുന്നു.

അതേസമയം തൃശൂരിലെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗസമിതിയെ നിയോഗിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗമായ കെസി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് സമിതിയിലുള്ളത്.പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ ഭാരവാഹികളായ സജീവന്‍ കുര്യാച്ചിറ, എംഎല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എംപി വിന്‍സെന്റിന്റെ രാജി യുഡിഎഫ് ചെയര്‍മാന്‍ വിഡി സതീശനും അംഗീകരിച്ചു.

Related Articles

Latest Articles