Wednesday, May 15, 2024
spot_img

കൊല്ലും കൊലയുമായുള്ള രാഷ്ട്രീയം മടുത്തു; നസീർ പാർട്ടിയുടെ കണ്ണിലെ കരടായത് ജയരാജനു നേരെ തിരിഞ്ഞതോടെ: വിമതനെ വകവരുത്താന്നൊരുങ്ങി സി പി എം

ടി.പി.ചന്ദ്രശേഖരനുണ്ടായ ദുരനുഭവം ഓർമ്മിപ്പിക്കും വിധമുള്ള ആക്രമണമാണ് കഴിഞ്ഞ ദിവസം വടകരയിൽ ഉണ്ടായത്. തലയ്ക്കും വയറിനും കൈകാലുകൾക്കുമാണു സി പി എം വിമത സ്ഥാനാർത്ഥിയും മുൻ ഡി വൈ എഫ്‌ ഐ നേതാവുമായ സി ഒ ടി നസീറിന് വെട്ടേറ്റത്. സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോൾ ബൈക്കിലെത്തിയ 3 അംഗ സംഘം സ്‌കൂട്ടർ ഇടിച്ചിട്ടു വെട്ടിപരുക്കേൽപിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ബൈക്കിലെത്തിയ സംഘം വെട്ടിയപ്പോൾ തടുക്കുമ്പോഴാണ് പരിക്കേറ്റത്. ശനിയാഴ്ച സന്ധ്യയോടെ തലശ്ശേരി പുതിയസ്റ്റാന്റ് പരിസരത്തെ കായ്യത്ത് റോഡിൽ വച്ചാണ് സംഭവം. വടകരയിൽ വെട്ടേറ്റ സി പി എം വിമത സ്ഥാനാർത്ഥിയും മുൻ ഡിവൈഎഫ്‌ഐ നേതാവുമായ സി ഒ ടി നസീർ പാർട്ടിയുടെ കണ്ണിലെ കരടായത് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരേ തിരിഞ്ഞതോടെയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സി പി എം ലോക്കൽ കമ്മറ്റി അംഗമായിരുന്ന സി ഒ ടി നസീർ ഏതാനും വർഷം മുമ്പാണ് പാർട്ടിയിൽ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോൾ’ ‘മാറ്റി കുത്തിയാൽ മാറ്റം കാണാം എന്നതായിരുന്നു പ്രചരണ വാക്യം.തലശ്ശേരി നഗരസഭ കൗൺസിലറും സി പി എം. പ്രാദേശിക നേതാവും ആയിരുന്ന സി ഒ ടി. നസീർ 2015 ലാണ് പാർട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്മാറുകയാണുണ്ടായത്. മേപ്പയ്യൂർ ടൗണിൽ വോട്ടഭ്യർഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലിൽ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേൽക്കുന്നത്.

വികസനത്തോടൊപ്പം അക്രമരാഷ്ട്രീയമില്ലാത്ത ഒരു നാളെയുണ്ടാകണമെന്ന രാഷ്ട്രീയം ഉയർത്തിയായിരുന്നു വടകരയിൽ പി ജയരാജനെതിരെ സി ഒ ടി നസീർ സ്ഥാനാർത്ഥിയായത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പല സന്നദ്ധ സംഘടനകളും ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുവാക്കളുടെ പിന്തുണയോടെ വർഗ്ഗീയതയും കൊലപാതക രാഷ്ട്രീയവും വിഷയമാക്കിയുള്ള പ്രചാരണമാണ് നസീർ നടത്തിയത്. വടകര മണ്ഡലത്തിലെ യുവാക്കളും നാട്ടുകാരും തനിക്ക് പിന്തുണ നൽകിയെന്നാണ് നസീർ അവകാശപ്പെട്ടിരുന്നത്. പുതിയ ആശയം പുതിയ രാഷ്ട്രീയം എന്നിവയാണ് താൻ മുന്നോട്ടുവെയ്ക്കുന്നത്. സൗഹാർദപരമായ രാഷ്ട്രീയം കേരളത്തിൽ രൂപപ്പെടണമെന്നും നസീർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടതെന്നുമുള്ള നസീറിന്റെ പ്രചരണം ഏറെ ചലനം സൃഷ്ടിച്ചിരുന്നു. എന്നാൽ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ നസീറിനു തന്നെ അതിന്റെ ഇരയായി മാറേണ്ടിയും വന്നു. നേരത്തെ പാർട്ടി അംഗവും ജനപ്രതിനിധിയുമായ നസീറിന് തലശ്ശേരിയിലെ ന്യൂനപക്ഷ മേഖലയിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. തിരഞ്ഞെടുപ്പിൽ നസീർ മൂവായിരത്തിനും നാലായിരത്തിനുമിടയിൽ വോട്ടുപിടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കിവീസ് ക്ലബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നസീർ സി പി എം ഭരിക്കുന്ന നഗരസഭയുമായും പാർട്ടിയുമായും തെറ്റുന്നത്. പിന്നീടത് പരസ്യയുദ്ധത്തിലേക്കും നസീറിന്റെ പുറത്തേക്കുള്ള പോക്കിലും കലാശിക്കുകയായിരുന്നു.

Related Articles

Latest Articles