Monday, November 23, 2026

കണ്ണീരുണങ്ങാതെ ഹൃദയവേദനയോടെ ഒരു അമ്മ; നീതി തേടി വാളയാറിൽ നിന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച ദളിത് പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കും. ഇന്ന് രാവിലെ 10 മുതല്‍ 4 വരെയാണ് സത്യാഗ്രഹം. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രാവിലെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് സമരം ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ അഞ്ചു പേര്‍ മാത്രമാണ് സത്യാഗ്രഹമിരിക്കുന്നത്. ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ്‌ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. കഴിഞ്ഞമാസം കൊച്ചിയിലും ഇവര്‍ ഉപവാസ സമരം നടത്തിയിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് വാളയാറില്‍ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്തവരില്‍ കുറ്റം തെളിയിക്കാന്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരില്‍ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാംപ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തിരുന്നു.

Related Articles

Latest Articles