കോട്ടയം: പാലാ ബിഷപ്പിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി. ബിഷപ്പ് പറഞ്ഞത് ഒറ്റപ്പെട്ട കാര്യങ്ങളല്ലെന്നും ലാന്‍ഡ് ജിഹാദടക്കം മറ്റ് ജിഹാദുകളും കേരളത്തില്‍ സജീവമായിക്കൊണ്ടിരിക്കെയാണെന്നും ഈ സത്യം തുറന്നുപറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രവണത ശരിയല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.
നാട്ടിൽ താലിബാനിസം വരാതിരിക്കാനായി എല്ലാ വിഭാഗങ്ങളും മുന്കരുതലെടുക്കണം. ഇങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് സമ്മതിക്കാനാണ് ആദ്യം സര്‍ക്കാര്‍ തയ്യാറാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാർ ഇപ്പോൾ മുന്നോട്ട് വെച്ച സമവായ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും വത്സന്‍ തില്ലങ്കേരി കൂട്ടിച്ചേർത്തു.
ഒരു ചർച്ചകൊണ്ട് മാത്രം പരിഹരിക്കാനാവില്ലെന്നും ബിഷപ്പ് ഉന്നയിച്ച ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല ഓരോ ഗ്രാമങ്ങളിലും നേരിടുന്ന പ്രശ്‌നമായതിനാൽ പ്രാദേശികതലത്തില്‍ സിറ്റിംഗ് നടത്തി ഇരകളുടെ മൊഴി എടുത്ത് പ്രശ്നം പരിഹാരം കണ്ടെത്തണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു വത്സന്‍ തില്ലങ്കേരി പിന്തുണ പ്രഖ്യാപിച്ചത്.

