Monday, May 20, 2024
spot_img

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. 2023 മെയ് 10 നാണ് പോലീസുകാർ വൈദ്യപരിശോധനയ്‌ക്കെത്തിച്ച ലഹരിക്കടിമയായ സന്ദീപിന്റെ കുത്തേറ്റ് സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന കൊല്ലപ്പെട്ടത്. മുറിവ് തുന്നി കെട്ടുന്നതിനിടെ പ്രകോപിതനായ പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ ആഞ്ഞുകുത്തി. ഒന്നല്ല ആറ് തവണ! വന്ദനയുടെ കഴുത്തിലും മുതുകിലും പിന്നില്‍ നിന്നും കുത്തി. നിലവിളി കേട്ട് ഓടിയെത്തിയ പോലീസും സഹപ്രവര്‍ത്തകരും ഏറെ പണിപ്പെട്ട് അക്രമാസക്തനായ പ്രതിയെ കീഴടക്കി. ശേഷം വന്ദനയെ ആശുപത്രിയിലേക്ക് മാറ്റി പരിക്ക് അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം ഒടുവിൽ സ്ഥിരീകരിക്കുന്നു.

പിന്നെ കണ്ടത് കേരളം മുന്‍പെങ്ങും കാണാത്ത വിധം ഉള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമരമായിരുന്നു. ഇങ്ങനെ ജീവന്‍ നഷ്ടപ്പെടുത്തി ജോലി ചെയ്യാന്‍ ആകില്ലെന്ന് ഉറക്കെ പറഞ്ഞു. ഡോക്ടര്‍മാരുടെ സമരം പിന്‍വലിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന ആശുപത്രി സംരക്ഷണ നിയമം അടിമുടി മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അതിശക്തമായ സമരത്തിനൊടുവില്‍ സര്‍ക്കാര്‍, ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട ഭേദഗതികളോടെ സെപ്റ്റംബറില്‍ വന്ദനയുടെ പേരില്‍ തന്നെ നിയമം പാസാക്കി.

എന്നാല്‍ സുരക്ഷ ഇപ്പോഴും പേരില്‍ മാത്രമെന്നതാണ് യാഥാര്‍ഥ്യം. ആശുപത്രിയിലെ സുരക്ഷാ വീഴ്ച ഡോക്ടറുടെ ജീവനെടുത്ത് ഒരാണ്ട് കഴിഞ്ഞിട്ടും ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഏകമകള്‍ വന്ദനയുടെ കണ്ണീരോര്‍മയിലാണ് മുട്ടുച്ചിറ നമ്പിച്ചിറക്കാലയില്‍ മോഹന്‍ദാസും ഭാര്യ വസന്ത കുമാരിയും. കേസിന്റെ വിചാരണ നടപടികള്‍ ഇപ്പോള്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

Related Articles

Latest Articles