Wednesday, October 21, 2026

കുതിക്കാൻ വന്ദേ ഭാരത് സ്ലീപ്പർ… വിമാനത്തെ കവച്ചു വയ്ക്കുന്ന യാത്രാനുഭവം… ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസിന് പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശി. പൂർണ്ണമായും ശീതീകരിച്ച അത്യാധുനിക സജ്ജീകരണങ്ങളോടെ എത്തുന്ന ഈ ട്രെയിൻ, കൊൽക്കത്തയ്ക്കും അസാമിനും ഇടയിലുള്ള യാത്രാ സമയം രണ്ടര മണിക്കൂറോളം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാന യാത്രയ്ക്ക് സമാനമായ സുഖസൗകര്യങ്ങൾ സാധാരണക്കാർക്ക് കൂടി പ്രാപ്യമാകുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.

മാൾഡ ടൗണിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുമായും ലോകോ പൈലറ്റുമാരുമായും പ്രധാനമന്ത്രി സംവദിച്ചു. സാങ്കേതിക വിദ്യയ്‌ക്കൊപ്പം അത് കൈകാര്യം ചെയ്യുന്ന മനുഷ്യർക്കും തുല്യ പ്രാധാന്യം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഹൗറയിൽ നിന്നുള്ള സർവീസ് ആരംഭിച്ചതിനൊപ്പം തന്നെ ഗുവാഹത്തി – ഹൗറ മടക്കയാത്രയുടെ ഉദ്ഘാടനം അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.

രാത്രികാല യാത്രകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ ലക്ഷ്യമിടുന്ന ഈ പുതിയ ട്രെയിൻ വടക്കുകിഴക്കൻ ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകും. പ്രത്യേകിച്ച് പ്രശസ്തമായ കാമാഖ്യ ക്ഷേത്രം ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഈ അതിവേഗ സർവീസ് ഏറെ ഗുണകരമാകും. പശ്ചിമ ബംഗാളിലും അസമിലും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഈ സുപ്രധാന റെയിൽവേ പദ്ധതിയുടെ ഉദ്ഘാടനം എന്നത് ഏറെ ശ്രദ്ധേയമാണ്.

Related Articles

Latest Articles